Auto

പാല്‍-വി ലിബര്‍ട്ടി പറക്കും ആകാശത്തും റോഡിലും

ടെറാഫ്യൂജിയുടെ ചുവട് പിടിച്ച് മറ്റൊരു പറക്കും കാര്‍ കൂടി വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ജനീവ മോട്ടോര്‍ ഷോയിലെ മിന്നും താരമായ പാല്‍-വി ല്ബര്‍ട്ടി എന്ന പറക്കും അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

അമേരിക്കന്‍ കമ്പനിയായ ടെറാഫ്യൂജിയ നേരത്തെ അവതരിപ്പിച്ച കാറിന് സമാനമാണ് പാല്‍ – വി ലിബര്‍ട്ടിയും. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. കാറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലറും രണ്ട് എന്‍ജിനുകളുമാണ് ലിബര്‍ട്ടിയെ പറക്കും കാറാക്കുന്നത്. കാറിന് സ്ഥിരത നല്‍കാന്‍ മുകളില്‍ റോട്ടറുമുണ്ട്. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവച്ച് കാറാക്കിമാറ്റാം. വീണ്ടും ഒരു പറക്കലിന് തയ്യാറാവാന്‍ ലിബര്‍ട്ടിക്ക് പത്തു മിനിറ്റ് മാത്രം മതിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

സാധാരണ റോഡുകളിലൂടെ സഞ്ചരിക്കാനും മറ്റു കാറുകളെപ്പോലെ പാര്‍ക്കുചെയ്യാനും കഴിയും വിധമാണ് ലിബര്‍ട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. 6,15,000 അമേരിക്കന്‍ ഡോളറാവും (നാല് കോടിയോളം രൂപ) വിപണിയിലെത്തുന്ന പറക്കും കാറിന്റെ വിലയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ വാങ്ങാന്‍ നിരവധിപേര്‍ നിര്‍മാതാക്കളെ സമീപിച്ചു കഴിഞ്ഞു. എന്നാല്‍ സാധാരണ കാര്‍പോലെ പണം നല്‍കി കാര്‍ സ്വന്തമാക്കാന്‍ കഴിയില്ല. പാല്‍ – വി നടത്തുന്ന പരിശീലന ക്ലാസ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമെ പറക്കും കാര്‍ സ്വന്തമാക്കാന്‍ കഴിയൂ.

റോഡിലൂടെ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ ലിബര്‍ട്ടിക്ക് കഴിയും. എന്നാല്‍ ആകാശത്ത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് ലിബര്‍ട്ടി പറക്കുന്നത്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 500 കിലോ മീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. തിരക്കേറിയ നഗരങ്ങളിലെ ഗതാഗത കുരുക്കില്‍ നിന്നും അതിവേഗത്തില്‍ പറന്നുയരാന്‍ സാധിക്കില്ല ലിബര്‍ട്ടിക്ക്. ചെറിയൊരു റണ്‍വെയോ എയര്‍ സ്ട്രിപ്പോ ഉണ്ടെങ്കില്‍ മാത്രമേ ഇതിന് പറന്നുയരാന്‍ സാധിക്കൂ.