Middle East

വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്: കുവൈത്തില്‍ പ്രത്യേക സമിതി

കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണം എന്ന വലീദ് അല്‍ തബ്തബാഇ എം പിയുടെ നിര്‍ദേശം പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.ഇനി മുതല്‍ വിദേശികളുടെ ലൈസന്‍സ് അവര്‍ക്ക് നല്‍കുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കുന്നത് ഈ സമിതിയായിരിക്കും.

നിലവില്‍ കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഉപാധികള്‍ ഉണ്ട്. 600 ദിനാര്‍ ശമ്പളം, രണ്ടുവര്‍ഷമായി കുവൈത്തില്‍ താമസം ബിരുദം എന്നീ വ്യവസ്ഥകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേ സമയം കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ ജോലിക്കായി എത്തിയവര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍,എന്‍ജിനീയര്‍മാര്‍, വീട്ടമ്മമാര്‍, മെസഞ്ചര്‍മാര്‍ എന്നിവര്‍ക്കിത് ബാധകമല്ല.

ഉപാധികളോടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിച്ച ലൈസന്‍സ് അങ്ങനെയല്ലാത്ത ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ലൈസന്‍സ് നിയമം കര്‍ശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വര്‍ധിച്ചിട്ടുണ്ട് എന്ന് ചില എംപിമാര്‍ പരാതിപെട്ടതിനെതുടര്‍ന്നാണ് പുതായ സമിതി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.അത് സാധ്യമാക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരുടെ എണ്ണം കുറയ്ക്കുക എന്നത് മാത്രമാണ് ഉപാധി അതിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരങ്ങള്‍ കര്‍ശനമാക്കിയത്.