News

ഇനി പറക്കും ടാക്സികളുടെ കാലം

പറക്കുന്ന ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്‍റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്‌സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.

കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്‍റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്‍റെയും ഡ്രോണിന്‍റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ സഹായത്തോടെ ഡ്രോണിനെ പോലെ കുത്തനെ വായുവിലേക്ക് ഉയരുന്ന കോറ, പിന്‍ ഭാഗത്തെ വലിയ പ്രൊപ്പല്ലറിന്‍റെ സഹായത്തോടെയാണ് മൂന്നോട്ട് നീങ്ങുക.

മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഒറ്റത്തവണ നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോറയ്ക്ക് 3000 അടി ഉയരത്തില്‍ പറക്കാനാവും. എട്ട് വര്‍ഷം കൊണ്ടാണ് കോറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഗൂഗിളിന്‍റെ മുന്‍ ഓട്ടോണമസ് കാര്‍ ഡയറക്ടര്‍ സെബാസ്റ്റ്യൻ ത്രുണാണ് കിറ്റി ഹോക്കിന് നേതൃത്വം നല്‍കുന്നത്. പറക്കും ടാക്‌സികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഊബര്‍ പോലുള്ള കമ്പനികളോട് മത്സരിക്കാനാണ് കോറയിലൂടെ കിറ്റി ഹോക്ക് ലക്ഷ്യമിടുന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഔദ്യോഗിക അനുമതി ലഭിച്ച് വാഹനത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം സാധ്യമാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതേസമയം യാത്രക്കാര്‍ക്ക് യാത്രകള്‍ ബുക്ക് ചെയ്യുന്നതിനായുള്ള ആപ്ലിക്കേഷന്‍ പണിപ്പുരയിലാണ്. നിരവധി കമ്പനികള്‍ ഈ രംഗത്ത് പ്രഖ്യാപനങ്ങളുമായി വന്നിട്ടുണ്ടെങ്കിലും ഫലപ്രദമായി ഈ വാഹനങ്ങളുടെ സേവനങ്ങളാരംഭിക്കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

പറക്കും ടാക്സിയുടെ പരീക്ഷണ പറക്കല്‍