News

ടൂര്‍ ഗൈഡാകാന്‍ പരിശീലനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ടൂര്‍ ഗൈഡ് ആകാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം പരിശീലനം നിര്‍ബന്ധമാക്കുന്നു.
ടൂര്‍ ഗൈഡ്, ഹെറിറ്റേജ് ടൂര്‍ ഗൈഡ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. 420 മണിക്കൂര്‍, 330 മണിക്കൂര്‍ എന്നിങ്ങനെയാണ് പരിശീലന കോഴ്സ് സമയദൈര്‍ഘ്യം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.18നും 28നും മധ്യേയാണ് പ്രായപരിധി. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു ടൂറിസം മന്ത്രാലയം സര്‍ട്ടിഫിക്കറ്റും ലൈസന്‍സും നല്‍കും.
ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും വരുന്ന സഞ്ചാരികളുടെ എണ്ണം,പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരക എണ്ണം, നിലവില്‍ ലൈസന്‍സുള്ള ഗൈഡുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാകും പുതിയ ഗൈഡുകളെ തെരഞ്ഞെടുക്കുക.
രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍ പ്രധാന മേഖലയായ ടൂറിസത്തില്‍ വൈദഗ്ധ്യമുള്ളവരെ ഉപയോഗപ്പെടുത്തുകയാണ് മന്ത്രാലയത്തിന്‍റെ ലക്‌ഷ്യം.