News

കാളിദാസും ആ നാല്‍പ്പതു പേരും ഈ മാസം 15ന് എത്തും

കാളിദാസ്​ ജയറാം നായകനാവുന്ന പൂമരം ഈ മാസം 15ന് റിലീസ് ചെയ്യും. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാ പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സർട്ടിഫിക്കറ്റും കാളിദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

നേരത്തെ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം സാ​ങ്കതിക കാരണങ്ങളാൽ നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ്​ വൈകുന്നത്​ സംബന്ധിച്ച്​ കാളിദാസനും ചിത്രത്തി​​​​​ന്‍റെ അണിയറ പ്രവർത്തകർക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ ഹിറ്റായി മാറിയിരുന്നു. കാമ്പസ്​ പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്​ പ്രേക്ഷകർ കാത്തിരിക്കുന്നത്​. മീര ജാസ്മിനും കുഞ്ചോക്കോ ബോബനും മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് പൂമരം നിര്‍മിച്ചിരിക്കുന്നത്.