News

രാത്രികാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ഫോന്‍സ്‌ കണ്ണന്താനം

രാജ്യത്ത് രാത്രികാലങ്ങളില്‍ ഭക്ഷ്യശാലകളും മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്‌ ടൂറിസം മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. അതേ സമയം, രാത്രി ജീവീതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് നൈറ്റ് ക്ലബ്‌ മാത്രമല്ല മറിച്ച് ആരോഗ്യകരമായ വിനോദമാണെന്നും മന്ത്രി പറഞ്ഞു.

സൂര്യാസ്തമയത്തിനു ശേഷം രാജ്യത്തെ സ്മാരകങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിനോദ പരിപാടികള്‍ ആവശ്യമാണ്‌. രാത്രികളില്‍ സ്മാരകങ്ങള്‍ വിനോദ സഞ്ചാരികള്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിടും. 24 മണിക്കൂറും വരുമാനം ലഭിക്കുന്ന ആരോഗ്യകരമായ ടൂറിസത്തെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുക.
നമ്മള്‍ അഭിവൃദ്ധിപ്പെടുത്തുന്ന രാത്രി ജീവിതത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് നെറ്റ് ക്ലബ്ബുകള്‍. വിനോദ സഞ്ചാരികള്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം അവരുടെ മുറികളിലേക്ക് മടങ്ങുന്ന പ്രവണത മറികടക്കണം.

ഷോപ്പിങ്, ഭക്ഷണ ശാലകള്‍ എന്നിവയിലൂടെ ശുദ്ധമായ ഒരു വിനോദ സാഹചര്യമുണ്ടാക്കും. സ്മാരകങ്ങളിലെ സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ വഴി ഇപ്പോള്‍ നമുക്ക് കാര്യമായ വരുമാനമുണ്ടാക്കാനാകുന്നില്ല. രാത്രികളില്‍ ഇതിന് ചുറ്റും പരിപാടികള്‍ സംഘടിപ്പിച്ച്‌ വരുമാനമുണ്ടാക്കാനാകുമെന്നും കണ്ണന്താനം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം സ്മാരകങ്ങള്‍ തുറക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി മന്ത്രാലയം ചര്‍ച്ച നടത്തി വരികയാണെന്ന് ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മ പറഞ്ഞു.