Destinations

കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍

വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍


യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം.
ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ.

ആദ്യ യാത്ര ആസൂത്രണം

യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്‍റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം.
ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ എടുക്കുവാൻ കഴിയുമോ, എന്നൊക്കെ നോക്കണം. മിക്കപ്പോളും ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ചെറിയ ലാഭം കിട്ടാറുണ്ട്. ചില സ്ഥലങ്ങൾ നമുക്ക് ഏതെങ്കിലും ടൂർ കമ്പനി വഴി പോകേണ്ടിവരും അങ്ങനെ ഏതേലും ടൂർ കമ്പനിയിൽ ബുക്ക് ചെയ്യുന്നതിന് മുന്നേ, അവരെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഫേസ്ബുക്കിലും ട്രിപ്പ് അഡ്വൈസറിലും തപ്പി നോക്കുന്നത് നന്നായിരിക്കും. ചരിത്ര പ്രാധ്യാന്യം ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഗൈഡിന്‍റെ സഹായം തേടാം. (താല്പര്യം ഉണ്ടെങ്കിൽ മാത്രം). നമ്മൾ കാണുന്ന കാര്യങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കുവാൻ ഗൈഡ് സഹായിക്കും.


പൊതു ഗതാഗതം പോക്കറ്റ് കാലിയാക്കില്ല

ആസൂത്രണം കഴിഞ്ഞാൽ അടുത്തത് എത്തേണ്ട സ്ഥലത്തെ പ്രാദേശിക ഗതാഗത സംവിധാനങ്ങള്‍ മനസ്സിലാക്കലാണ്. ചില രാജ്യങ്ങളിൽ, പ്രത്യേകിച്ചു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ടാക്സി വിളിക്കുമ്പോൾ വളരെ സൂക്ഷിക്കണം. ഒരുപാട് പറ്റിപ്പ് ടീംസ് പല സ്ഥലങ്ങളിലും ഉണ്ട്. മെട്രോ, പബ്ലിക് ബസ്സ് എന്നിവയെപറ്റിയെല്ലാം വിശദ പഠനം നടത്തിയാൽ യാത്രാ ചിലവ് ലാഭിക്കാം. പോകേണ്ട വഴികൾ, താമസിക്കുന്ന സ്ഥലം എന്നിവയൊക്കെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നോക്കി മനസ്സിലാക്കുന്നതും നന്നാകും.


സമയം സര്‍വപ്രധാനം

 യാത്രയില്‍ പ്രധാനമാണ് സമയം. വെറുതെ സമയം കളയാന്‍ മെനക്കെടരുത്‌. ഓരോ ദിവസത്തെയും സമയം മാനേജ് ചെയ്ത് വിശദമായ യാത്രാ പദ്ധതി വേണം. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും വിസക്ക് അപേക്ഷിക്കുമ്പോള്‍ വിശദമായ ട്രാവൽ പ്ലാനും ചോദിക്കാറുണ്ട്.
എന്‍റെ യാത്രകളിൽ ഞാൻ ചെയ്യുന്നത് ഇങ്ങനെയാണ്. താമസ സ്ഥലത്തുനിന്നും ആദ്യത്തെ സ്ഥലത്ത് എത്താൻ വേണ്ട സമയം, അങ്ങോട്ടുള്ള വഴികൾ, ഗതാഗത വിവരം, ഓരോയിടത്തും ചെലവഴിക്കേണ്ട സമയം എന്നിവ കുറിക്കും . തീര്‍ന്നില്ല, അവിടെ കാണേണ്ട പ്രധാന കാര്യങ്ങൾ, അവിടുന്ന് അടുത്ത സ്ഥലത്തേക്ക് പോകാൻ വേണ്ട സമയം, പോകേണ്ട രീതി, ഭക്ഷണം കഴിക്കുവാനുള്ള സ്ഥലം-സമയം, ഷോപ്പിങ് സമയം, ഷോപ്പിംഗ് നടത്താൻ പോകേണ്ട ലോക്കൽ മാർക്കറ്റുകൾ, അതിന്‍റെ സമയക്രമങ്ങൾ അങ്ങനെയൊക്കെ കുറേയേറെ വിവരങ്ങൾ ചേർത്ത് കൃത്യമായ സമയ ക്രമത്തോടെ യാത്രാ പദ്ധതി ഉണ്ടാക്കാം. ചില സ്ഥലങ്ങൾ കാണുന്നതിനും എത്തിപ്പെടുന്നതിനും നമ്മൾ പ്ലാൻ ചെയുന്ന സമയം മതിയായെന്നു വരില്ല. അതുകൊണ്ട്, മിക്ക ഇടങ്ങളിലും 30 മിനിട്ട് മുതൽ 1 മണിക്കൂർ വരെ പ്ലാൻ ചെയ്യുന്നതിലും അധികം സമയം നിശ്ചയിച്ചാല്‍ നന്നാകും. പറ്റാവുന്നിടത്തെല്ലാം എൻട്രി ടിക്കറ്റുകളും മറ്റും ഓണ്‍ലൈനിൽ വാങ്ങി വയ്ക്കാം. അങ്ങനെ ക്യു നിൽക്കുന്നതും തപ്പി നടക്കുന്നതും കുറെ ഒഴിവാക്കാം.

താമസംവിനാ താമസം 

താമസസ്ഥലം പ്രധാനമായും മൂന്നു തരത്തിൽ തെരഞ്ഞെടുക്കാം.
1. ഹോട്ടൽ
2. ഹോസ്റ്റൽ
3. ഹോം സ്റ്റേ

പരിചിതമാണ്  ഹോട്ടല്‍ താമസം എന്നതിനാല്‍  വിശദീകരിക്കുന്നില്ല. എന്നാല്‍ ഹോസ്റ്റലുകളെ പറ്റി പറയാം.
യൂറോപ്പിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെലവ് കുറക്കാൻ പറ്റിയ എളുപ്പ മാർഗമാണ് ഹോസ്റ്റൽ താമസം. ഒരു റൂമിൽ നാലോ അഞ്ചോ ബെഡ് അറേഞ്ച് ചെയ്തിരിക്കും (ഇതല്ലാതെ എട്ടും പത്തും ബെഡ് ഇട്ടുകൊണ്ട്‌ ഡോര്‍മിറ്ററി പോലുള്ളതും ഉണ്ട്.), എല്ലാ ബെഡുകൾക്കും പ്രത്യേകം ലോക്കര്‍ ഷെൽഫും പ്രത്യേകം ഇലക്‌ട്രിക്‌ സോക്കറ്റും ഉണ്ടായിരിക്കും. പൊതു ബാത്ത്‌റൂം , അടുക്കള, എന്റര്‍ടെയിന്‍മെന്‍റ് റൂം എന്നിവയും ഉണ്ടാകും. കൂട്ടുകാരുമൊത്ത് ഗ്രൂപ്പായി യാത്ര ചെയ്യുമ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും ഹോസ്റ്റൽ താമസം ആകും നല്ലത്. ഹോട്ടെലിന്‍റെ മൂന്നിലൊന്നു ചിലവേ ഹോസ്റ്റലില്‍ താമസിക്കാൻ വേണ്ടൂ. പല രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രികരെ പരിചയപ്പെടാം എന്നതും ഹോസ്റ്റല്‍ താമസത്തിന്‍റെ നേട്ടമാണ്. മിക്ക ഹോസ്റ്റെലുകളിലും Night crawl, Pub crawl പോലയൂള്ള ഗ്രൂപ്പ് ആക്ടിവിറ്റികള്‍ ഉണ്ടാകും. ഇതിലൊക്കെ പങ്കെടുത്ത് നമ്മുടെ യാത്രയെ മറ്റൊരു ലെവലിൽ എത്തിക്കാൻ ഹോസ്റ്റൽ സ്റ്റേ സഹായിക്കും.
യൂറോപ്പിലെ എല്ലാ നഗരങ്ങളിലും പല റേഞ്ചിൽ ഉള്ള ധാരാളം ഹോസ്റ്റലുകൾ ഉണ്ട്. ചുരുക്കത്തിൽ”വില തുച്ഛം, ഗുണം മെച്ചം” എന്നതാണ് ഹോസ്റ്റൽ സ്റ്റേ. എന്‍റെ എപ്പോഴത്തെയും ആദ്യത്തെ ഓപ്‌ഷൻ ഹോസ്റ്റൽ ആണ്.

ചെലവ് കുറച്ച് താമസിക്കാൻ മറ്റൊരു മികച്ച മാർഗമാണ് ഹോം സ്റ്റേ. എയര്‍ ബിഎന്‍ബിപോലുള്ള വെബ്‌സൈറ്റുകൾ വഴി മികച്ച ഹോംസ്റ്റേകള്‍ കണ്ടെത്താം.

ഇക്കാര്യം മറക്കേണ്ട

താമസം എവിടെ ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ബുക്ക് ചെയ്യുന്നതിന് മുന്നേ, അവരെ പറ്റിയുള്ള റിവ്യു പരിശോധിക്കുന്നത് നന്നാവും. booking.com, trip adviser, Airbnb, Facebook ഇവയിലൊക്കെ താമസസ്ഥലത്തെപ്പറ്റിയുള്ള റിവ്യൂ പരിശോധിച്ചാല്‍ ഏകദേശം കാര്യങ്ങൾ പിടികിട്ടും. താമസ സ്ഥലത്തിന്‍റെ ലൊക്കേഷൻ പ്രധാനമാണ്.പൊതു ഗതാഗത സംവിധാനം വേണ്ടത്രയുള്ളതും നഗരത്തിന് അകത്തുള്ളതുമായ സ്ഥലമാണ് യോജിച്ചത്.

വിമാന ടിക്കറ്റ് എടുക്കുംമുമ്പ്

ടിക്കറ്റ് എടുക്കുമ്പോഴൊക്കെ കിട്ടുന്ന പോയിന്റുകളിലൂടെയും, ക്രെഡിറ്റ്‌ കാർഡിൽ നിന്നും ലഭിക്കുന്ന പോയിന്റിലൂടെയും, വളരെ നേരത്തെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തും ചെലവ് കുറക്കാൻ കഴിയും. യൂറോപ്പിനുള്ളിൽ ഒരു രാജ്യത്ത് നിന്നും അടുത്ത രാജ്യത്തേക്ക് യാത്രക്ക് ചെലവ് വളരെ കുറവാണ്. റിയാന്‍ എയര്‍ പോലുള്ള വിമാനങ്ങള്‍ യാത്രക്ക് ഉപയോഗിക്കാം. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുമാകില്ല ഇത്തരം വിമാനങ്ങള്‍ പോകുന്നത്. കുറച്ചു ദൂരെയുള്ള ചെറിയ വിമാനത്താവളത്തില്‍ നിന്നായിരിക്കില്ല എന്ന പോരായ്മയുണ്ട്. പക്ഷേ ഇത് വലിയ പ്രശ്നമല്ല. ഇത്തരം വിമാനത്താവളങ്ങളില്‍ നിന്നും നഗര ഹൃദയങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.


വിസയ്ക്ക് വേണ്ടത്

യൂറോപ്പിലെ ഷെന്‍ജെന്‍ അംഗത്വമുള്ള രാജ്യങ്ങളിലേക്ക് ഷെന്‍ജെന്‍ വിസയിലൂടെ യാത്ര ചെയ്യാം. വിസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യത്താണോ വിമാനമിറങ്ങേണ്ടത് ആ രാജ്യത്തിന്‍റെ എംബസിയില്‍ വേണം വിസക്ക് അപേക്ഷിക്കാന്‍. ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാന്‍ പരിപാടിയുണ്ടെങ്കില്‍ ഏത് രാജ്യത്താണോ കൂടുതൽ നാൾ കറങ്ങാൻ പരിപാടി ഉള്ളത്, ആ രാജ്യത്തിൻറെ എംബസിയിൽ വേണം അപേക്ഷിക്കാൻ. ഓണ്‍ലൈനിൽ നിന്നും കിട്ടുന്ന ആ രാജ്യത്തിന്‍റെ ഷെന്‍ചെന്‍ ഫോം പൂരിപ്പിച്ച്, വിമാന ടിക്കറ്റ്,ഹോട്ടല്‍ ബുക്കിംഗ്, മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് (അക്കൗണ്ടിൽ യാത്ര ചിലവിനു ആനുപാതികമായ പണം കാണിക്കണം. കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിന്‍റെ വിവരങ്ങളും കാണിക്കാം), ഇന്‍റര്‍നാഷണല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ്, പുറത്തു ജോലി ചെയ്യുന്നവർ ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള നിരാക്ഷേപ പത്രം, അധികം പഴക്കം ഇല്ലാത്ത ഫോട്ടോ എന്നിവ ചേർത്ത് 6 മാസത്തിലധികം സാധുതയുള്ള പാസ്പോർട്ടിനൊപ്പം സമര്‍പ്പിക്കണം. പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജെങ്കിലും വേണം. 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും.
ഷെന്‍ജെന്‍   രാജ്യങ്ങളിൽ പെടാത്ത സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കില്‍,അതതു രാജ്യങ്ങളുടെ എംബസിയിൽ ഈ രേഖകള്‍ വെച്ച് അപേക്ഷിച്ചാൽ മതി.

പ്രതീഷ് ജയ്‌സണ്‍

തിരുവനന്തപുരം സ്വദേശിയായ പ്രതീഷ് ജയ്‌സണ്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. നാല് വര്‍ഷം കൊണ്ട് 17 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. സോളോ യാത്രകളാണ് പ്രിയം