Middle East

റാസല്‍ഖൈമ അല്‍ ബാദിയ ബൈപാസ് റോഡ് അടച്ചിടും

എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്‍റര്‍ സെക്ഷന്‍റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മാനേജ്മെന്‍റ്  മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു.

ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നതിനും വേഗപരിധി നിശ്ചയിക്കുന്നതിനും റോഡു ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനും അത്യാധുനിക സൗകര്യങ്ങളാണ് ഈ റോഡില്‍ ക്രമീകരിക്കുന്നത്. റോഡ് വികസന പ്രക്രിയയില്‍ നവീനവും ഗുണപരവുമായ കുതിച്ചുചാട്ടം നടത്തുന്ന പദ്ധതിയായിരിക്കും ഇതെന്നു അല്‍ ഹമ്മദി പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 75 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഷാര്‍ജയിലേക്കും ദുബായിലെക്കുമുള്ള ട്രാഫിക് തടസ്സങ്ങളും ഗതാഗതക്കുരുക്കും വലിയതോതില്‍ കുറയും. മണിക്കൂറില്‍ 17,700 വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന റോഡാണ് പൂര്‍ത്തിയാവുന്നത്.