Kerala

കേരളത്തിലെ ചികിത്സ തേടി 50000 വിദേശികള്‍

ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം കുറഞ്ഞത് 200 കോടി വരുമാനം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ രംഗത്ത് ഇന്ത്യയെ ലോകത്ത് തന്നെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കാന്‍ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ നയരൂപീകരണവും ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.


ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ വിസ കൊടുക്കുവാനും ആരംഭിച്ചു. വിദേശ രാജ്യങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച 26 ആശുപത്രികളാണ് കേരളത്തിലുള്ളത്.ഇതില്‍ സ്വകാര്യ രംഗത്തെ പ്രമുഖ ആശുപത്രികളും, എറണാകുളം ജനല്‍ ആശുപത്രിയും, തിരുവനന്തപുരത്തെ എസ് എടിയും ഉള്‍പ്പെടും.

അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് ചികിത്സ തേടിയെത്തുന്നത്. മുന്‍പ് ചെന്നൈയിലും വെല്ലൂരിലും പോയിരുന്നവര്‍ ഇപ്പോള്‍ കേരളത്തിലാണ് എത്തുന്നത്
പ്രധാനമായും കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി വിഭാഗങ്ങളിലാണു രോഗികളെത്തുന്നത്. യൂറോപ്പില്‍ നിന്നുള്ള വരവ് കൂടുതലും ദന്തചികില്‍സയ്ക്കായാണ്. അവിടുത്തെ ചെലവിന്റെ ചെറിയൊരംശം മാത്രമേ ഇവിടെ ചെലവു വരുന്നുള്ളു.

വിദേശികള്‍ക്ക് പ്രത്യേക ചികില്‍സാ നിരക്കുകളായതിനാല്‍ ആശുപത്രികള്‍ക്ക് അവര്‍ വരുന്നതു വന്‍ വരുമാനമാര്‍ഗമാണ്. നാട്ടിലെ രോഗികളുടെ ചികില്‍സയുടെ നിരക്കു കുറച്ചു നിര്‍ത്താനും ആശുപത്രി സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും വിദേശ രോഗികളില്‍ നിന്നുള്ള വരുമാനം സഹായിക്കുന്നു. രാജ്യത്തിന് വിദേശനാണ്യവും നേടുന്നു.