India

ഭീമമായ വായ്പാ ഇടപാടിന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നു

ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമ്പതു കോടിയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കും.

കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി രാജീവ് കുമാറാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്ത് വിട്ടത്. അമ്പത് കോടിയോ അധിലധികമോ ഉള്ള വായ്പകള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അഴിമതി മുക്ത-ഉത്തരവാദിത്ത ബാങ്കിങ്ങിലേക്കുള്ള അടുത്ത ചുവട് വെയ്പാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ, വായ്പയെടുത്തയാള്‍ രാജ്യം വിടുന്നത് തടയാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നിലവില്‍ അമ്പതു കോടിയില്‍ അധികം വായ്പ എടുത്തിട്ടുള്ളവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനുള്ളില്‍ ശേഖരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും രാജീവ് പറഞ്ഞു.

നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ തുടങ്ങി നിരവധിപേരാണ് വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ടത്.