Aviation

ഉഡാന്‍ പദ്ധതി അന്താരാഷ്‌ട്ര സര്‍വീസുകളിലേയ്ക്കും

ഉഡാന്‍ (ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ്) പദ്ധതി അന്താരാഷ്‌ട്ര തലത്തിലേയ്ക്കും വ്യാപിപ്പിച്ചേക്കും. ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നയന്‍ ചൗബെ വ്യക്തമാക്കി.

ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമെന്നും പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും സെക്രട്ടറി വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഉഡാന്‍. വിമാനത്തില്‍ നിശ്ചിത സീറ്റുകള്‍ പദ്ധതിക്കായി നീക്കിവെയ്ക്കും. ബാക്കിവരുന്ന സീറ്റുകളിലെ നിരക്ക് തിരക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.