Kerala

സാഹസിക ടൂറിസം പദ്ധതിയുമായി കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.


വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും.

പദ്ധതി നടപ്പാവുന്നതോടെ മേഖലയിലേക്ക് ധാരാളം വിനോദ സഞ്ചാരികള്‍ എത്തും. എന്നാല്‍ പുഴയെ മലിനമാക്കത്ത തരത്തിലാവണം പദ്ധതി മുന്നോട്ട് പേവേണ്ടത് എന്ന ആവശ്യം പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കാടും പുഴയും കാണാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് ശേഖരം കൊണ്ട് നിറഞ്ഞിരിക്കുയാണ് ഇരവഞ്ഞിപ്പുഴ. ഇതിനൊരു പരിഹാരം കാണുന്ന രീതിയിലാവണം പദ്ധതിയെന്നും പ്രദേശവാസികള്‍ പറഞ്ഞു.


സാഹസിക ടൂറിസം പദ്ധതിയുടെ രൂപരേഖയില്‍ ലഘുഭക്ഷണ ശാലകള്‍, ശുചിമുറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിശ്രമിക്കാനും വസ്ത്രം മാറാനുമുള്ള സൗകര്യം തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുനതിനുള്ള നടപടിയുണ്ടാകുമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പ് നല്‍കി.