News

ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം;അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. മുസ്ലീം-ബുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.വര്‍ഗീയ സംഘര്‍ഷം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനും അക്രമം നടത്തുന്നത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയില്‍ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.