Middle East

മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം

ദുബൈ ട്രാഫിക്ക് നിയമങ്ങള്‍ ലോക പ്രശസ്തമാണല്ലോ. എങ്കില്‍ ആ നിയമങ്ങള്‍ ഒരിക്കല്‍ പോലും തെറ്റിക്കാത്തതിന് മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം.ദുബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ അനില്‍കുമാറിനെ തേടി ആര്‍ ടി എഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അംഗീകാരം കിട്ടിയ വിവരം അറിയിച്ചത്.

രസകരമായ രീതിയിലായിരുന്നു ആര്‍ ടി എ അനില്‍ കുമാറിനെ തേടിയെത്തിയത്. ഒരു ഗതാഗത ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എണ്ണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനാല്‍ അനില്‍ കുമാറും സ്‌കൂള്‍ അധികൃതരും പരിഭ്രമിച്ചു. എന്നാല്‍ അധികം വൈകാതെ നിറചിരിയോടെ സംഘം കാര്യം അവതരിപ്പിച്ചു. ഒരു നിയമലംഘനവും നടത്താത്തതിന് ആര്‍ ടി എ സമ്മാനം നല്‍കാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ആശങ്ക ആഹ്‌ളാദത്തിന് വഴി മാറി.

സര്‍ട്ടിഫിക്കറ്റും ആയിരം ദിര്‍ഹവുമാണ് സമ്മാനം. ഒരു ഗതാഗത നിയമലംഘനത്തിന്റെ കാര്യം പറയാന്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ എത്തിയത് തന്നെ പരിഭ്രമിപ്പിച്ചതായും കാര്യമറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായതായും അനില്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അനിലിന്റെ ഭാഗത്തുനിന്ന് നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ല.