Special

ഉഗ്ര വിഷസര്‍പ്പങ്ങളുടെ സ്വര്‍ഗം: കാലുകുത്തിയാല്‍ മരണം ഉറപ്പ്

ഭൂമിയില്‍ പാമ്പുകള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ബ്രസീലിലാണ്. ക്യുമെഡാ ഗ്രാന്‍റ് എന്ന ദ്വീപാണ് കൊടും വിഷമുള്ള പാമ്പുകളുടെ സ്വര്‍ഗം. ഇവിടേയ്ക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം ഇല്ല. വിലക്ക് ലംഘിച്ച് ദ്വീപില്‍ കടന്നാല്‍ പാമ്പ്‌ കടിയേറ്റ് മരണം ഉറപ്പ്.സാവോപോളോയില്‍ നിന്ന് 32കിലോമീറ്റര്‍ അകലെയാണ് പാമ്പ്‌ ദ്വീപ്‌.

കുന്തത്തലയന്‍ സ്വര്‍ണ പാമ്പുകളുടെ സ്വര്‍ഗം

ദ്വീപ്‌ നിറയെ കുന്തത്തലയന്‍ അണലികളാണ്. ആറടി മുതല്‍ വിവിധ അളവുകളിലുള്ള പാമ്പുകളെ ഇവിടെക്കാണാം. ദ്വീപ്‌ നിറയെ കുന്തത്തലയന്‍ സ്വര്‍ണ അണലികളാണെങ്കിലും മറ്റെങ്ങും ഇവയെ കാണാനില്ലാത്തതിനാല്‍ അതീവ സംരക്ഷണ പട്ടികയിലാണ് ഈ പാമ്പുകള്‍. ഓരോ ചതുരശ്ര മീറ്ററിലും ഒന്ന് മുതല്‍ അഞ്ചു വരെ പാമ്പുകളെക്കാണാം. കടിയേറ്റാല്‍ മാസം പോലും ഉരുക്കുന്ന കൊടും വിഷമാണ് ഈ പാമ്പുകള്‍ക്കെന്നാണ് പറയുന്നത്. ദ്വീപിലെത്തുന്ന പക്ഷികളും അവിടെയുള്ള ജീവികളുമാണ് ഇവയുടെ ആഹാരം.

ദുരൂഹത നിറഞ്ഞ ദ്വീപ്‌

കടല്‍ നടുവില്‍ പച്ചപ്പും കുന്നുകളുമൊക്കെയായി കാണാന്‍ മനോഹരമാണ് ദ്വീപ്‌. സ്ഥല സൗന്ദര്യം കണ്ടാല്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയംകരമാവേണ്ട ഇടം. എന്നാല്‍ ദൂരെ നിന്ന് കാണാമെന്നല്ലാതെ ഇങ്ങോട്ട് അടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്ന ഈ ദ്വീപിനെ ചുറ്റിപ്പറ്റി കഥകള്‍ ഏറെയുണ്ട്. ഇവിടെ വാഴപ്പഴം ശേഖരിക്കാൻ വന്ന കർഷകനെ പാമ്പ് കടിച്ചെന്നും അയാൾ വള്ളത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും കുറച്ചു നേരത്തിനകം വള്ളം മുഴുവൻ രക്തം കൊണ്ട് നിറഞ്ഞെന്നും പറയപ്പെടുന്നു. മറ്റൊരു കഥ ലൈറ്റ് ഹൌസുമായിബന്ധപ്പെട്ടാണ്. ലൈറ്റ് ഹൌസിലെ കാവൽക്കാരനെയുംകുടുംബത്തിനെയും ഒരിക്കൽ കാടിനുള്ളിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പുകൾ അക്രമിച്ചെന്നും അദ്ദേഹവും കുടുംബവും ജീവനും കൊണ്ട് രക്ഷപ്പെട്ട അവസാന ആൾക്കാരെന്നും മറ്റൊരു കഥ. അവര്‍ക്കും പാമ്പ് കടി ഏറ്റിരുന്നത്രേ.അവര്‍ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടെന്നു കരുതുന്നവരുമുണ്ട്.

ദ്വീപിലെത്തിയ നാവിക സേനാംഗം പാമ്പുമായി

പണ്ട് കടൽകൊള്ളക്കാർ ഉണ്ടായിരുന്ന സമയത്ത് അവർ സ്വരൂപിച്ച കോടിക്കണക്കിനു രൂപയുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപുകളെന്നു ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. ആൾക്കാരെ അങ്ങോട്ടേയ്ക്ക് അടുപ്പിക്കാതെയിരിക്കാൻ കൊള്ളക്കാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നത്രെ ഈ പാമ്പ് കഥ. ഇത് വിശ്വസിച്ച പലരും പിന്നീട് നിധി തേടി ഈ ദ്വീപിലേക്ക് പുറപ്പെട്ടു. പക്ഷെ അവിടെ എത്തിയവരാരും നിധി കണ്ടെത്തിയതുമില്ല, ഇവര്‍ തിരികെയെത്തിയതുമില്ല എന്നത് മറ്റൊരു കാര്യം .

ദ്വീപില്‍ നാവികസേനക്കൊപ്പം എത്തിയ പാമ്പ് വിദഗ്ധന്‍ കയ്യില്‍ ഒരു പാമ്പുമായി മറ്റൊരു പാമ്പിന് സമീപം.

ദ്വീപ്‌ കടന്ന്  നാവികസേന

വെല്ലുവിളികളെ അതിജീവിച്ച് ദ്വീപില്‍ കടന്നത്‌ ബ്രസീല്‍ നാവികസേനയാണ്. 1909ലാണ് ഇവിടെ വിളക്കുമാടം സ്ഥാപിക്കുന്നത്.പാമ്പ് ശല്യം മൂലം ആരും ജോലിചെയ്യാന്‍ താല്പര്യപ്പെടാത്ത ഇവിടെ ലൈറ്റ് ഹൗസ് സംരക്ഷണ ചുമതല നാവികസേനക്കാണ്. ആളില്ലാത്തതിനാല്‍ ലൈറ്റ് ഹൗസ് ഓട്ടോമാറ്റിക് ആക്കി. വര്‍ഷത്തില്‍ ഒരിക്കല്‍ അറ്റകുറ്റപ്പണിക്ക് നാവികസേനയെത്തും.ബള്‍ബ് മാറ്റലും ബാറ്ററി മാറ്റലും ഒക്കെ അപ്പോഴാണ്‌.ദ്വീപിലേക്ക് വരുന്ന നാവികര്‍ക്കൊപ്പം അന്ന് പാമ്പിന്‍ വിഷത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രഞ്ജരും ഉണ്ടാകും. മുട്ടോളമെത്തുന്ന ബൂട്ടുകളും മെഡിക്കല്‍ സംഘവും മരുന്നുകളുമൊക്കെയായാണ്‌ സംഘം വരിക. ദ്വീപിലെത്തിയാല്‍ സംഘത്തിന്‍റെ കാല്‍വെയ്പ്പ് അതീവ ശ്രദ്ധയോടെയാകും.കാരണം ഓരോ കാല്‍വെയ്പ്പിലും ഒരു വിഷ അണലിയുണ്ടാകാം.

Pic.Courtesy: National Geographic Channel

കരുതലില്ലാതെ കള്ളക്കടത്തുകാര്‍

ജീവന്‍ പണയം വച്ചാണ് നാവികസേന പോലും ദ്വീപിലെത്തുന്നതെങ്കില്‍ കരുതലൊന്നുമില്ലാതെ ദ്വീപിലെത്തുന്നവരാണ് കള്ളക്കടത്തുകാര്‍. അപൂര്‍വമായ കുന്തത്തലയന്‍ അണലിക്ക് കരിഞ്ചന്തയില്‍ 30000 ഡോളര്‍ (ഇരുപതു ലക്ഷത്തോളം ഇന്ത്യന്‍ രൂപ ) വരെയുണ്ട്. ഒത്താല്‍ ഒന്നിനെ ചാക്കിലാക്കി കൊണ്ടുപോകാന്‍ വരുന്നവര്‍ക്ക് കരുതലിന്‍റെ കാര്യമില്ലല്ലോ. അധികൃതരുടെ കണ്ണ് വെട്ടിച്ചേ ഇവിടെ കള്ളക്കടത്തുകാര്‍ക്ക് കടക്കാനാവൂ.

പാമ്പുദ്വീപിലെ വിളക്കുമാടം

പാമ്പുദ്വീപിലേക്ക് പോയാലോ?

ആ മോഹം തല്‍ക്കാലം അടക്കുകയേ മാര്‍ഗമുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ വരുന്ന ബ്രസീല്‍ നാവികസേനക്കല്ലാതെ മറ്റാര്‍ക്കും അവിടേക്ക് പ്രവേശനമില്ല.