Auto

യുഎം ക്രൂയിസര്‍ റെനഗേഡ് ഡ്യൂട്ടി ഉടന്‍ എത്തും

ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവയ്ക്ക് എതിരാളിയായി റെനഗേഡ് ഡ്യൂട്ടി മോഡല്‍ ഇന്ത്യന്‍ നിരത്തിലേയ്ക്ക്. ഇതിനു ആദ്യപടിയെന്നോണം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി നിരയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

രണ്ടു മോഡലുകളും ജൂണ്‍-ജൂലായ് മാസത്തോടെ വില്‍പ്പനക്കെത്തും. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില. റെനഗേഡ് സ്‌പോര്‍ട്ട് എസിന് കീഴെയാണ് യു.എം. ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററാണ്. 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോടു കൂടിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍.ഇ.ഡി.യാണ്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയത്. 756 എം.എം ആണ് സീറ്റ് ഹൈറ്റ്. ഓഫ്റോഡറായും ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നു.

മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 16 ഇഞ്ചുമാണ് ടയറുകള്‍. പുതിയ 223 സി.സി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍കൂള്‍ഡ് എന്‍ജിനാണ്. 8,000 ആര്‍.പി.എമ്മില്‍ 16 ബി.എച്ച്.പി കരുത്തും 5,000 ആര്‍.പി.എമ്മില്‍ 17 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. 1975 എം.എം നീളവും 730 എം.എം വീതിയും 1050 എം.എം ഉയരവും വാഹനത്തിനുണ്ട്. 1,360 എം.എം വീല്‍ബേസും 180 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമാണിവയ്ക്ക്.