News

വിധിയറിഞ്ഞു; ഇനി വിനോദ സഞ്ചാര വികസനം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവന്നതോടെ ഏറെ ആഹ്ലാദത്തിലായത് ഈ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയാണ്. ടൂറിസം മേഖലക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ത്രിപുരയില്‍ ടി- ത്രീ ആയിരുന്നു ബിജെപിയുടെ പ്രചരണായുധം. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ടൂറിസം, ട്രേഡ്, ട്രെയിനിംഗ് ഓഫ് ദ യൂത്ത് (യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം) എന്നിവയായിരിക്കുമെന്ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചിരുന്നു. ഹൈവേ, ഐ വേ, റോഡ്‌ വേ, എയര്‍ വേ എന്നിവയാണ് ത്രിപുരക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മേഘാലയയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനായിരുന്നു ബിജെപിയുടെ ചുമതല. ടൂറിസം രംഗത്തെ വികസനം അദ്ദേഹം ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു.


നാഗാലാണ്ടും ഇതിനിടെ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതും ബിജെപി പ്രചരണായുധമാക്കി. ജനം വിധിയെഴുതിയ സംസ്ഥാനങ്ങള്‍ക്ക് പുറമേ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ടൂറിസം വികസനം തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
അരുണാചലിലേക്ക് പോകാനും പ്രധാന മീറ്റിംഗുകള്‍ അവിടെ നടത്താനും താന്‍ നിര്‍ദേശിക്കുമെന്ന് പ്രധാനമന്ത്രി ഇറ്റാ നഗറില്‍ ഔദ്യോഗിക പരിപാടിയില്‍ പറഞ്ഞിരുന്നു. ചുരുക്കത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വികസനം യാഥാര്‍ത്ഥ്യമാകുമോ എന്നേ ഇനി അറിയാനുള്ളൂ.