News

കീശ കാലിയാവാതെ മൂന്നാറിലേക്കും ചെന്നൈയിലേക്കും പോകാം

ചെന്നൈയില്‍ നിന്നു മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ചെലവു കുറയും. തമിഴ്നാട് സര്‍ക്കാറിന്‍റെ സ്റ്റേറ്റ് എക്സ് പ്രസ് ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‍ (എസ്.ഇ.ടി.സി) ചെന്നൈ- മൂന്നാര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനൊപ്പം തമിഴ്നാട്ടിലെ വെല്ലൂരിനെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ച് എസ്.ഇ.ടി.സിയുടെ സര്‍വീസും ഉടന്‍ തുടങ്ങും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തമിഴ്നാട്- കേരള ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ 900 രൂപ മുതല്‍ 1200 രൂപ വരെയാണ് നിരക്ക്. തിരക്കേറിയ സമയങ്ങളില്‍ ഇത് ഇരട്ടിയാകും. എസ്.ഇ.ടി.സി ബസ്സുകള്‍ വരുന്നതോടെ ഇതിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

കരാര്‍ പ്രകാരം മൂന്നാര്‍-ചെന്നൈ, തിരുവനന്തപുരം-വെല്ലൂര്‍, കൊടൈക്കനാല്‍- തിരുവനന്തപുരം, അര്‍ത്തുങ്കല്‍-വേളാങ്കണ്ണി, തിരുവനന്തപുരം-ഊട്ടി, നിലമ്പൂര്‍-ഊട്ടി, കോട്ടയം-മധുര, തൃശൂര്‍-ഊട്ടി, കോട്ടയം-ഊട്ടി, എറണാകുളം-കമ്പം തുടങ്ങിയ പ്രധാന പാതകളിലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.

നിലവില്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ 33000 കിലോമീറ്റര്‍ ബസ്‌ സര്‍വീസുണ്ട്. പുതിയ കരാര്‍ പ്രകാരം ഇത് 8865 കിലോമീറ്റര്‍ കൂടിയായി വര്‍ധിക്കും. ബസ്സുകളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നാലു മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എസ്.ഇ.ടി.സി അധികൃതര്‍ വിശദീകരിച്ചു.

pic courtesy: www.StuckInCustoms.com

ഓണം, ക്രിസ്മസ് കാലത്ത് ചെന്നൈ-കൊച്ചി പ്രത്യേക സര്‍വീസ്

ഓണം, ക്രിസ്മസ് കാലത്ത് ചെന്നയില്‍ നിന്നു നാട്ടിലേക്കുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പം. തിരക്കേറിയ ഈ സീസണുകളില്‍ രണ്ടാഴ്ച്ചത്തേക്ക് കെ.എസ്.ആര്‍.ടി.സി ചെന്നൈ-കൊച്ചി പ്രത്യേക സര്‍വീസ് നടത്തും. ഉത്സവ സീസണില്‍ രണ്ടാഴ്ച 58 പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

യാത്രക്കാരുടെ എണ്ണവും തിരക്കും പരിഗണിച്ചായിരിക്കും സര്‍വീസുകളുടെ എണ്ണം തീരുമാനിക്കുക. പുതുച്ചേരി-എറണാകുളം പാതയിലും ഈ സീസണുകളില്‍ പ്രത്യേക സര്‍വീസ് നടത്തും. പൊങ്കല്‍, ദീപാവലി സമയത്ത് എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് എസ്.ഇ.ടി.സി പ്രത്യേക സര്‍വീസ് നടത്തും.