അലി അച്ഛനായി; മിസ്സൈലിനും തകര്‍ക്കാനാവാത്ത അത്ഭുതക്കുരുന്നിന്‍റെ കഥ

ചിത്രം : ഡയിലി മെയില്‍ ഓണ്‍ലൈന്‍
2003ലെ ഗള്‍ഫ് യുദ്ധത്തില്‍ എല്ലാം തീര്‍ന്നെന്ന് കരുതിയതാണ് അലി. സഖ്യസേനയുടെ ബോംബ് അലി അബ്ബാസിന്‍റെ വീട്ടിനുമേല്‍ പതിക്കുമ്പോള്‍ അവനു പ്രായം പന്ത്രണ്ട്. കുടുംബത്തിലെ പതിനാറു പേരും കൊല്ലപ്പെട്ട ആ ആക്രമണത്തില്‍ അലി അബ്ബാസ് രക്ഷപെട്ടത് തലനാരിഴക്കാണ്.
അയല്‍ക്കാരന്‍ ഡ്രൈവറാണ് ചോരയില്‍ കുളിച്ച കുഞ്ഞലിയെ അന്ന് ആശുപത്രിയിലെത്തിച്ചത്. മിസൈല്‍ ആക്രമണത്തില്‍ അലിയുടെ ഇരു കൈകളും നഷ്ടപ്പെട്ടിരുന്നു. ദേഹമാസകലം പരിക്കേറ്റ അലിക്ക് അധികം ആയുസില്ലന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.വര്‍ഷങ്ങള്‍ക്കിപ്പുറം ആ പയ്യന്‍ അലിക്ക് ഇപ്പോള്‍ 27 വയസായിരിക്കുന്നു. ആയുസില്ലന്നു വിധിച്ച അലി ഇന്ന് ഒരു കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു.
2010ല്‍ ഇംഗ്ലീഷ് പൗരത്വം ലഭിച്ച അലി അബ്ബാസിന്‍റെ ഭാര്യ സൈനബ് ഇറാക്കിലാണ്. അവിടെയാണ് ഇപ്പോള്‍ അലി. കുഞ്ഞിനു പേര് യൂസഫ്.
അവനാണിനി എന്‍റെ എല്ലാം. എന്‍റെ ഭാവിയും എന്‍റെ വീടും എല്ലാം അവനാണ്-അലി അബ്ബാസ് പറയുന്നു. അവന്‍റെ കൈകളാണ് ഇനി എന്‍റെ കൈകള്‍,അവനുവേണ്ടി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യും – പ്രതീക്ഷയിലാണ് അലി…ആഹ്ലാദത്തിലും..

ആക്രമണത്തിന് ഇരയായ കാലത്ത് അലി.
എനിക്കും അവനു പാലുകൊടുക്കണമെന്നു ഞാന്‍ ഭാര്യയോടു പറഞ്ഞു. അങ്ങനെ എനിക്ക് കുപ്പിപ്പാല്‍ അവനു കൊടുക്കാനായി. കയ്യില്ലാത്ത ഞാന്‍ കാലുകൊണ്ടാണ് അവനു പാല് കൊടുക്കുന്നത്. കൈ ഇല്ലാത്തതിനാല്‍ അവനെ തൊട്ടിലില്‍ ആട്ടാന്‍ എനിക്കാവില്ല. പക്ഷെ അവനെ നിലത്തു കിടത്തി മതിയാവോളം ഉമ്മ കൊടുക്കാന്‍ എനിക്ക് പറ്റും- അലി അബ്ബാസ് ആവേശത്തോടെ പറഞ്ഞു.
കുഞ്ഞു പിറന്നെന്ന് അറിഞ്ഞതോടെ എനിക്ക് ലണ്ടനില്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. അടുത്ത വിമാനത്തില്‍ കയറി ഞാന്‍ ബാഗ്ദാദിലെത്തി. എത്ര മനോഹരമാണ് അവന്‍റെ കയ്യുകള്‍.. എത്ര മൃദുവാണത്. സന്തോഷം കൊണ്ട് എനിക്ക് കരച്ചില്‍അടക്കാന്‍ ആയില്ല – അലി പറയുന്നു.
ഭാര്യയെ അറിയിക്കാതെയാണ് ഞാന്‍ വന്നത്. എന്നെ കണ്ടപ്പോള്‍ സൈനബ് അമ്പരന്നു. എന്നെ വരച്ചു വെച്ചത് പോലെയാണ് അവന്‍. പ്രത്യേകിച്ച് അവന്‍റെ മൂക്ക്. അവനെ എന്നെ നെഞ്ചിലേക്ക് കിടത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെ നെഞ്ചിടിപ്പ് അപ്പോള്‍ എനിക്ക് അനുഭവിച്ചറിയാനായി.
കുഞ്ഞു യൂസഫിന്‍റെ വരവില്‍ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ് അലി.
അന്നത്തെ ബോംബ് ആക്രമണത്തിന്‍റെ ഓര്‍മ്മകള്‍ അലിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഇടയ്ക്കിടെ വീട്ടുകാരുടെ നിലവിളി കാതുകളില്‍ മുഴങ്ങും.പിന്നെ വലിയ ശബ്ദത്തോടെ വീട് നിലം പതിക്കുന്ന ശബ്ദവും. ജീവനോടെയില്ലങ്കിലും നിറയെ സ്നേഹമുള്ളോരു അമ്മൂമ്മ അവനുണ്ടായിരുന്നെന്നു യൂസഫിന് പറഞ്ഞു കൊടുക്കണം- അലി പറയുന്നു. അടുത്ത വരവില്‍ യൂസഫിന് എന്തേലും വിശേഷ സമ്മാനം കൊണ്ടുവരണമെന്ന ആഗ്രഹവും അലിയ്ക്കുണ്ട്.