Adventure Tourism

കരകാണാ കടലലമേലെ പറക്കാം ചെറായിയില്‍….

തിരകളെ കീഴടക്കി മണിക്കൂറുകള്‍ കടലിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹസികത എല്ലാവരുടെയും ഉള്ളിലുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മടിക്കണ്ട. ചെറായിലേക്ക് വണ്ടി കയറിക്കോളൂ. സാഹസികരെയും കാത്ത് ഓളങ്ങള്‍ കാത്തിരിപ്പുണ്ട്. വെള്ളക്കെട്ടുകളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും ഇതിന്‍റെ നടുക്ക് കടലും. ഇതാണ് ചെറായി. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ മനോഹരമായ ബീച്ചും സാഹസികതയും നിറഞ്ഞ കടല്‍ത്തീരം.

ചെറായിയില്‍ സാഹസിക ജല കായിക വിനോദത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ സാഹസികത നടത്താന്‍ സഹായിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചെറായി വാട്ടര്‍ സ്പോര്‍ട്സ് എന്ന സ്ഥാപനമാണ്‌. ബമ്പര്‍ റൈഡ്, ബനാന റൈഡ്, കാറ്റാമാരന്‍, സ്പീഡ് ബോട്ട് റൈഡ്, കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, വാട്ടര്‍ സ്കൈ, ബൂഗി ബോര്‍ഡ്സ്, ലേ ലോ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ചെറായി വാട്ടര്‍ സ്പോര്‍ട്സിന്‍റെ സഹായത്തോടെ കടലില്‍ ചെയ്യാം.

കൂടാതെ കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, കാറ്റാമാരന്‍ എന്നിവയില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ട്രെയിനിങ്ങും കൊടുക്കുന്നുണ്ട്. സഞ്ചാരികള്‍ക്കും ട്രെയിനിംഗ് ആവിശ്യമുണ്ടെങ്കില്‍ അതിനും ഇവിടെ അവസരമുണ്ട്. പത്തു മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ട്രെയിനിംഗ് നല്‍കും. സേലം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കടലിലെ സാഹസികതയ്ക്കു സഞ്ചാരികള്‍ കൂടുതലും എത്തുന്നത്. വിദേശികളുടെ എണ്ണവും കുറവല്ല.

യൂറോപ്യന്‍ നിര്‍മിത കാറ്റാമാരന്‍ റൈഡ് സഞ്ചാരികള്‍ക്ക് വേണ്ടി പുതുതായി ഒരുക്കിയിരിക്കുകയാണ് ചെറായി വാട്ടര്‍ സ്പോര്‍ട്സ്. നിലവില്‍ യു.എസ്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കടലിലെ സാഹസികതയ്ക്ക് ഉപയോഗിക്കുന്ന കാറ്റാമാരനാണ് ചെറായിയില്‍ എത്തിയിരിക്കുന്നത്.

നാക്ര 20, നാക്ര 70 എന്നു പേരിട്ടിരിക്കുന്ന കാറ്റാമാരന്‍റെ ആദ്യ റൈഡ് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്‌ വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. 500 രൂപയുണ്ടെങ്കില്‍ നാക്രയില്‍ കയറി കടലുചുറ്റാം. 5000 രൂപയ്ക്കു മൂന്നു മണിക്കൂര്‍ കാറ്റാമാരന്‍ റൈഡിങ്ങില്‍ ട്രെയിനിംഗ് നേടുകയും ചെയ്യാം.

എങ്ങനെ എത്താം

കൊച്ചിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ചെറായിബീച്ച്. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍, സൗത്ത് സ്റ്റേഷന്‍- 26 കിലോമീറ്റര്‍ ദൂരം. അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി- 22 കിലോമീറ്റര്‍ ദൂരം. എറണാകുളം കെഎസ്ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ചെറായിലേയ്ക്ക് ബസ്സുണ്ട്. ഹൈകോര്‍ട്ട് ബോട്ട് ജെട്ടിയില്‍ നിന്നും വൈപ്പിന്‍ ദ്വീപിലേക്കു ബോട്ട് സര്‍വീസുണ്ട്. അവിടുന്ന് ചെറായിലേയ്ക്ക് 40 മിനിറ്റ് ബസ്സില്‍ സഞ്ചരിക്കണം.

വിവരങ്ങള്‍ക്ക്

+91 90 61 01 33 33, +91 70 34 34 35 36

cheraiwatersports@gmail.com