Interview

ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ചു കയറ്റി ജീന

തൃശൂര്‍ ചാലക്കുടിക്കാരിയായ ജീന മരിയയ്ക്ക് ഒരു സ്വപ്നമുണ്ട്. ബൈക്കില്‍ ഈ ലോകം മുഴുവന്‍ കറങ്ങണം. ഇന്ത്യന്‍ എൻഡ്യൂറൻസ് റൈഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബാപുബാ (ബാംഗ്ലൂര്‍-പൂണെ-ബാംഗ്ലൂര്‍) ചലഞ്ചില്‍ ബൈക്കോടിച്ച് രണ്ടാമതായി മത്സരം പൂര്‍ത്തിയാക്കിയ ജീന ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിക്കുന്നു.

യാത്രയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ കൂടെക്കൂടി. കൂട്ടിനു ബൈക്ക് ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കും. ആദ്യം സ്വന്തമാക്കിയ വണ്ടി വെസ്പ. ഇപ്പോള്‍ കൂട്ട് അവഞ്ചര്‍ ക്രൂസ് 220നോട്. കാക്കനാട് പ്രസ്‌ അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ജീന ആകാശവാണി കൊച്ചി നിലയത്തില്‍ ആര്‍.ജെയാണ്.

അച്ഛന്‍ തോമസിനോടും അമ്മ ലൂസിയോടും ചെറിയ യാത്രയുണ്ടെന്നു പറഞ്ഞ് ബാംഗ്ലൂര്‍ക്ക് വണ്ടി കയറി. കാര്യം എന്താണെന്ന് ചേട്ടന്‍ ജിയോയോട് പറഞ്ഞു. 23ന് രാത്രി ബാംഗ്ലൂര്‍ എത്തി. റൈഡില്‍ പങ്കെടുക്കാന്‍ 50 ആളുകള്‍ എത്തിയിരുന്നു. മൂന്നു പേരടങ്ങുന്ന ബാച്ചായി പൂണെയിലേയ്ക്ക് യാത്ര തിരിച്ചു. വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. കയ്യില്‍ ഒആര്‍എസ് ലായനി കരുതി.

ബാപുബാ റൈഡ്

24 മണിക്കൂര്‍ കൊണ്ടു യാത്ര പൂര്‍ത്തിയാക്കണം. ബാംഗ്ലൂരില്‍ നിന്ന് പൂണെ, തിരിച്ച് ബാംഗ്ലൂര്‍. പൂണെയിലേയ്ക്ക് പകല്‍ യാത്ര ആയിരുന്നതിനാല്‍ ബുദ്ധിമുട്ട് തോന്നിയില്ല. റൈഡില്‍ രണ്ടാമതായി പൂണെയില്‍ എത്തി. 15 മിനിറ്റ് വിശ്രമം. തിരിച്ച് ബാംഗ്ലൂര്‍ക്ക്‌. 20 മണിക്കൂര്‍ 20 മിനിറ്റില്‍ പിന്നിട്ടത് 1667 കിലോമീറ്റര്‍. ചലഞ്ചില്‍ രണ്ടാമതായി റൈഡ് പൂര്‍ത്തിയാക്കി ജീന ബൈക്ക് ഓടിച്ചത് ചരിത്രത്തിലേയ്ക്ക്.

ജീനയ്ക്കു മുമ്പില്‍ ചരിത്രം വഴിമാറി

കേരളത്തില്‍ നിന്ന് ബാപുബാ ചലഞ്ചില്‍ പങ്കെടുത്ത് രണ്ടാമതെത്തുന്ന വനിത. ഇന്ത്യയിലെ വേഗമേറിയ സ്ത്രീകളുടെ പട്ടികയില്‍. ഈ അംഗീകാരം മധുരപ്രതികാരമായാണ് ജീന കാണുന്നത്. ‘ സ്ത്രീ അല്ലെ, സ്ത്രീക്ക് ഇത്രയും ദൂരം ബൈക്ക് ഓടിക്കാന്‍ പറ്റില്ല, റൈഡ് പൂര്‍ത്തിയാക്കാന്‍ പറ്റില്ല’ എന്നൊക്കെയുള്ള കമന്‍റുകള്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ പലരും പറഞ്ഞു. ഇത് അവര്‍ക്കുള്ള മറുപടിയാണ്. ജീന പറയുന്നു.

റൈഡില്‍ യഥാര്‍ത്ഥ ചലഞ്ച്

തിരികെ വരുമ്പോള്‍ രാത്രി ഒരുമണിയായി. രണ്ടു ബൈക്കില്‍ രണ്ടുപേര്‍ 70 കിലോമീറ്ററോളം പിന്തുടര്‍ന്നു. അവരെ വകവെയ്അക്കാതെ മുമ്പോട്ട് വണ്ടി ഓടിച്ചു. അതുകഴിഞ്ഞ് രണ്ടു ലോറികള്‍ ഒരേ ട്രാക്കില്‍ ഒരേ ദിശയില്‍ പോകുന്നു. മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വണ്ടികള്‍ അടുപ്പിച്ച് വഴി മുടക്കും. ഒരുകണക്കിന് കേറിപ്പോന്നു.

യാത്രകള്‍

എവിടേയ്ക്കാണോ പോകാന്‍ പറ്റുക, അവിടെയ്ക്കൊക്കെ പോകണം. ഇതാണ് സ്വപ്നം. മിക്ക യാത്രകളും ഒറ്റയ്ക്കാണ്. ആദ്യ ദീര്‍ഘദൂര യാത്ര കൂര്‍ഗിലേയ്ക്ക്. വെസ്പയില്‍. 880 കിലോമീറ്റര്‍. ഗോഗര്‍ണ, ഗോവ, മീശപ്പുലിമല അങ്ങനെ നീളുന്നു യാത്ര. കേരളത്തിലെ ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ജീന താണ്ടി. ഇനി ലക്‌ഷ്യം ലെഹ്-ലെഡാക്, ഹിമാലയം.

എല്‍.ഡി.ആര്‍ ക്ലബ്ബിലും യു എസ്സിലെ തന്നെ മറ്റൊരു ക്ലബ്ബായ അയണ്‍ ബട്ട് അസോസിയേഷനിലും അംഗത്വം ലഭിക്കാന്‍ ഈ ബാപുബാ റൈഡ് മതി. ഇതിലെ രേഖകള്‍ വെച്ച് ക്ലബ്ബുകളിലെ അംഗത്വത്തിന് അപേക്ഷിച്ച് ഫലം കാത്തിരിക്കുകയാണ്.