Middle East

സ്മാര്‍ട്ട് വിപ്ലവം; ആദ്യ റോബോട്ട് എന്‍ജിനീയറുമായി യു എ ഇ

 

എന്‍ജിനീയറിംഗ് ഇന്റലിജന്‍സ് ‘സ്മാര്‍ട്ട് വിപ്ലവത്തിന്’ ദുബൈ ഒരുങ്ങി. ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത് റോബോട്ട് എന്‍ജിനീയര്‍ ആണ് സ്മാര്‍ട്ട് മേളയിലെ താരം. സുപ്രധാനമായ ചുമതലകള്‍ അനായാസം നിര്‍വഹിക്കുന്ന സൂപ്പര്‍ സ്മാര്‍ട്ട് എന്‍ജിനീയറിന്റെ പേറ്റന്റ് ചുമതല ഉടന്‍ തന്നെ കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

സ്മാര്‍ട്ട് റോബോട്ടിന് കൃത്യസമയത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, എല്ലാ ജോലികളും ഏറ്റെടുക്കാനും കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെന്‍ഹൈഫ് അല്‍ നു ഐമി പറഞ്ഞു. നൂതന ആശയങ്ങളുടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വികസന പ്രക്രിയയ്ക്ക് വേഗം കൂട്ടാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യു എ ഇ ശതവത്സര പദ്ധതി മുന്‍ നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ ഒട്ടേറെ പദ്ധിതികള്‍ നടപ്പാക്കുകയാണ്. പുതിയൊരു ലോകത്തിനായി ജനങ്ങളെ സജ്ജരാക്കുകയാണ് അതു കൊണ്ട് തന്നെ ഇതില്‍ ഓരോ വ്യക്തിയും പങ്കുവഹിക്കുവാനാകും. സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ബൗദ്ധികവും വൈജ്ഞാനികവുമായും മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.