Festival and Events

അറേബ്യൻ സാംസ്കാരിക മേളയ്ക്ക് തുടക്കം

അറേബ്യൻ പൈതൃകക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന സാംസ്കാരിക മേളയ്ക്ക് ഗ്ലോബൽ വില്ലേജില്‍ തുടക്കമായി. ദുബായ് കൾചറിന്‍റെ ആഭിമുഖ്യത്തിൽ അടുത്തമാസം ഏഴുവരെ നീണ്ടുനിൽക്കുന്ന മേളയിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും.

കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനത്തിനു പുറമെ നിർമാണ രീതികൾ പഠിക്കാനും അവസരമൊരുക്കും. പനയോലകൊണ്ടുള്ള ആഭരണങ്ങൾ, വട്ടികൾ, മെത്ത, മറ്റ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യ ഉൽപാദനം, പാത്രങ്ങളിൽ വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ, അറേബ്യൻ ഗാവ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ മേളയെ വ്യത്യസ്തമാക്കുന്നു.

അൽ അയാല, അൽ ഹർബിയ, യോല, റാസ്ഫ നൃത്തങ്ങളും മറ്റു ലൈവ് ഷോകളും ഉണ്ടായിരിക്കും. സ്വദേശി സംസ്കാരം സംരക്ഷിക്കാനും വിലപ്പെട്ട അറിവുകൾ പുതുതലമുറയുമായി പങ്കുവയ്ക്കാനും മേള അവസരമൊരുക്കുമെന്നു ദുബായ് കൾചർ ആക്ടിങ് ഡയറക്ടർ ജനറൽ സഈദ് അൽ നബൂദ പറഞ്ഞു. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി.

എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഉല്ലാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ വില്ലേജ്, ദുബായ് അസോസിയേഷൻ ഓഫ് ഫോക് ആർട്ദുബായ് ഹെറിറ്റേജ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് മേള.