Auto

കുതിക്കാനുറച്ച് നെക്സന്‍; ബുക്കിംഗ് 25000 കവിഞ്ഞു

ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ നെക്സന് വിപണിയില്‍ വന്‍ സ്വീകരണം. കൊപാക്ട് എസ്. യു. വി വിഭാഗത്തില്‍ ഇടംപിടിക്കുന്ന നെക്സന് ഇതുവരെ 25000 ബുക്കിംഗ് ലഭിച്ചു എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇതോടെ ചില കേന്ദ്രങ്ങളില്‍ നെക്സന്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും.

എക്സ് സെഡ് പ്ലസ്‌, എക്സ് ടി’ എന്നീ മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെ. ഡല്‍ഹിയില്‍ 9.62 ലക്ഷം രൂപയ്ക്കാണ് ഡീസല്‍ എന്‍ജിനും ഇരട്ട വര്‍ണവുമുള്ള എക്സ് സെഡ് പ്ലസ്‌ ലഭിക്കുക. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ടാറ്റാ മോട്ടോഴ്സ് നെക്സന്‍ അവതരിപ്പിച്ചത്. നെക്സന്‍ വാങ്ങാനെത്തുന്നവരില്‍ 65 ശതമാനം ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണെന്ന് കമ്പനി ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഹര്‍മാനില്‍ നിന്നുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവും മള്‍ട്ടി ഡ്രൈവ് മോഡും നെക്സന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നെക്സന്‍റെയും ഹെക്സയുടേയും മികവില്‍ ജനുവരിയിലെ എസ്.യു.വി വിഭാഗം വില്‍പ്പനയില്‍ 188 ശതമാനം വളര്‍ച്ചയാണ് ടാറ്റാ മോട്ടോഴ്സ് കൈവരിച്ചത്.