News

ലൈംഗിക ശാലകള്‍ക്കെതിരെ നടപടിയുമായി തായ് ലാന്‍ഡ്: ആരാധാനലയവും കടലോരവും കാണാന്‍ ക്ഷണം

ബാങ്കോക്ക്: ലൈംഗികതക്കും ലൈംഗിക മസാജുകള്‍ക്കും ആളുകള്‍ വരുന്നെന്ന ദുഷ്പേര് മാറ്റാന്‍ ഉറച്ച മട്ടിലാണ് തായ് ലാന്‍ഡ്. സഞ്ചാരികളുടെ വരവ് കൊണ്ട് സാമ്പത്തിക സ്ഥിതി പടുത്തുയര്‍ത്തിയ തായ്ലാന്‍ഡിന് പക്ഷെ അത്ര എളുപ്പം ഇത് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
തായ്ലാന്‍ഡിന്‍റെ ദുഷ്പേര് മാറ്റാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജന പ്രയുക്ത് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ പൊലീസ്നടത്തിയ റെയ്ഡില്‍ പട്ടായയില്‍ നിന്ന് പത്തു റഷ്യക്കാരെ പിടികൂടി. അനധികൃതമായി താമസിച്ച് റഷ്യക്കാര്‍ക്ക് ലൈംഗിക പരിശീലന ക്ലാസ് നടത്തുകയായിരുന്നു ഇവര്‍.
ലൈംഗിക ടൂറിസത്തെ ശക്തിയുക്തം എതിര്‍ക്കുമെന്ന് തായ് ലാന്‍ഡ് ടൂറിസം അതോറിറ്റി വ്യക്തമാക്കി.ബീച്ചുകള്‍, ബുദ്ധ ക്ഷേത്രങ്ങള്‍,ഒന്നാംതരം ഭക്ഷണം എന്നിവയ്ക്ക് തായ്ലാന്‍ഡ് പേര് കേട്ടതാണെന്നും അവ അനുഭവിക്കാനുമാണ്‌ ടൂറിസം അതോറിറ്റിയുടെ ആഹ്വാനം.

തായ് ലാന്‍ഡില്‍ പിടിയിലായ റഷ്യന്‍ മോഡല്‍ അനസ്തേഷ്യാ വാഷുക്കെവിച്ച്: ചിത്രം : ജപ്പാന്‍ ടൈംസ്

നിലവാരമുള്ള വിനോദകേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് തായ് ലാന്‍ഡ് അടുക്കുകയാണ്. ഇക്കൊല്ലം 37.55 മില്ല്യന്‍ സഞ്ചാരികള്‍ എത്തുമെന്നും ടൂറിസം അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
123,530 ലൈംഗികത്തൊഴിലാളികള്‍ തായ് ലാന്‍ഡിലുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ മാസം ബ്രക്സിറ്റ് യോഗത്തില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ തായ്ലാന്‍ഡ് ലൈംഗിക ടൂറിസം വിഷയം പരാമര്‍ശിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയുടെ ടൂറിസം മന്ത്രിയാണ് തായ്ലാന്‍ഡിനെതിരെ രംഗത്തെത്തിയത്. ലൈംഗികതക്കായി സഞ്ചാരികള്‍ ഇങ്ങോട്ട് വരേണ്ടന്നും തായ്ലാണ്ടിനു പൊയ്ക്കോളൂ എന്നുമായിരുന്നു ഗാംബിയന്‍ മന്ത്രിയുടെ പരാമര്‍ശം.
പോയവര്‍ഷം തായ്ലാന്‍ഡ് ടൂറിസം റിക്കോഡ്‌ വരുമാനമാണ് നേടിയത്.53.76 ബില്ല്യണ്‍ ഡോളറായിരുന്നു വരുമാനം.തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ പന്ത്രണ്ട് ശതമാനം വര്‍ധന.