Festival and Events

ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി.

പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ്‌ പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി.

പിന്നീട് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ പൊങ്കാല അടുപ്പുകള്‍ കത്തിക്കും. ഭക്ത മനസ്സിനൊപ്പം നഗരവും അഗ്നിയെ ഏറ്റുവാങ്ങും. പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് എന്നിവയാണ് നിവേദ്യമായി തയ്യാറാക്കുന്നത്. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് വിതരണം ചെയ്യും. രാത്രി 7.45ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത് നടക്കും. തുടര്‍ന്ന് 11.15ന് പുറത്തെഴുന്നള്ളത്ത്. ശനി പുലര്‍ച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപൂജ കഴിഞ്ഞ് രാവിലെ എട്ടുമണിക്ക് അകത്തെഴുന്നള്ളത്ത്. രാത്രി ഒമ്പതിന് കാപ്പഴിച്ച് നടയടക്കും. 12.30ന് കുരുതിയോടെ പൊങ്കാല ഉത്സവം സമാപിക്കും.

ആറ്റുകാല്‍ പൊങ്കാല

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിക്കും എന്ന വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുമ്പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടിവേണം വ്രതം എടുക്കാൻ.

അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ. നിവേദ്യം തയ്യാറായതിനു ശേഷം ആഹാരം കഴിക്കാം.