Festival and Events

കരിയും കരിമരുന്നുമില്ല: ഉത്സവത്തിനു വസ്ത്രദാനവും അന്നദാനവും

ആലപ്പുഴ: ധാരാളിത്തം കൊണ്ട് പല ക്ഷേത്രോത്സവങ്ങളും ശ്രദ്ധേയമാകുമ്പോള്‍ ആലപ്പുഴയിലെ ഒരു ക്ഷേത്രോത്സവം വാര്‍ത്തയാകുന്നത് വ്യത്യസ്ഥത കൊണ്ടാണ്.
വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഉത്സവത്തിനു ആനയും വെടിക്കെട്ടും ഒഴിവാക്കി.
മകം തൊഴല്‍ ദിനമായ വ്യാഴാഴ്ച നിര്‍ധനരായ അയ്യായിരം പേര്‍ക്ക് ക്ഷേത്ര കമ്മിറ്റി വസ്ത്രദാനം നടത്തും. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ പേര്‍ക്കും 24 മണിക്കൂര്‍ അന്നദാനവും ഉണ്ടാകും.


മാരാരിക്കുളം,മണ്ണഞ്ചേരി,ആലപ്പുഴ,ആര്യാട്,കുറിച്ചി,കഞ്ഞിക്കുഴി,മുഹമ്മ, പള്ളിപ്പുറം,ചേര്‍ത്തല എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് വസ്ത്രദാനം. അര്‍ഹരെ തെരഞ്ഞെടുത്തത് മണ്ണഞ്ചേരി പഞ്ചായത്ത് അംഗങ്ങളാണ്.ഉത്സവദിവസം ആലപ്പുഴ ഗുരുമന്ദിരത്തിലും ആയിരം പേര്‍ക്ക് വസ്ത്രദാനമുണ്ട്. പുരുഷന്മാര്‍ക്ക് ഷര്‍ട്ടും മുണ്ടും സ്ത്രീകള്‍ക്ക് സാരിയും സെറ്റ് സാരിയുമാണ് നല്‍കുന്നത്.
വരുമാനത്തിന്‍റെ മുക്കാല്‍ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്ഷേത്രം വിനിയോഗിക്കുന്നത്. മായിത്തറയിലെ വൃദ്ധസദനത്തില്‍ എല്ലാ ഞായറാഴ്ചയും ക്ഷേത്രം വക അന്നദാനമുണ്ട്. ക്ഷേത്രത്തിന് സ്വന്തമായി ആംബുലന്‍സ് സര്‍വീസുമുണ്ട്. വിഷു മഹോത്സവം ഏപ്രില്‍ 8നു തുടങ്ങും.