Shopping

മാളെത്തി തലസ്ഥാനത്ത്: ആളെത്തൂ അത്ഭുതം കാണാം..

തിരുവനന്തപുരം:  മാളൊരുങ്ങി അരങ്ങൊരുങ്ങി. കാഴ്ചയുടെയും കച്ചവടത്തിന്‍റെയും കാലത്തേക്ക് കേരള തലസ്ഥാനം കടക്കാന്‍ ഇനി അഞ്ചാറ് രാപ്പകലുകള്‍ മാത്രം. മാര്‍ച്ച് പത്തുമുതല്‍ ഈഞ്ചയ്ക്കലെ ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ പരീക്ഷണാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് മൂന്നാം വാരമാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’.

 

തലസ്ഥാനം ചുരുങ്ങും മാളിലേക്ക്

തിരുവനന്തപുരത്തെ പ്രധാന ഷോപ്പിംഗ്‌ ഇടങ്ങളെല്ലാം മാളിലുണ്ട്. ഷോപ്പിങ്ങിനു വെയില്‍ കൊണ്ട് തെരുവ് തോറും അലയേണ്ട. എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ മുന്തിയ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓരോ കോണും ഓരോ സ്ഥലപ്പേരുകളാണ്. തമ്പാനൂരും കിഴക്കേകോട്ടയും ചാല മാര്‍ക്കറ്റുമൊക്കെ ഇങ്ങനെ മാളില്‍ ഇടം പിടിച്ചു. മത്സ്യവും മാംസവും ലഭിക്കുന്ന ഇടമാണ് ചാല മാര്‍ക്കറ്റ് . സ്ഥല ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രവും പെയിന്റിംഗും ഇവിടെയുണ്ട്.
തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ കൂടാതെ മാനാഞ്ചിറയും സ്വരാജ് റൌണ്ടുമൊക്കെയുണ്ട് മാളില്‍.

വമ്പന്‍ ബ്രാന്‍ഡുകള്‍:വിശാല സെലക്ഷന്‍

മാളില്‍ കയറിയാല്‍ ഷോപ്പിംഗ് ആഘോഷമാക്കാം. ഷോപ്പേഴ്സ് സ്റ്റോപ്, ലൈഫ് സ്റ്റൈല്‍, ആപ്പിള്‍, മാക്സ്, കല്യാണ്‍, ചിക്കിംഗ്, ആരോ, ഹഷ് പപ്പീസ്,ഈസി ബേ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍ മാളിലുണ്ടാകും.

ഉല്ലാസം അതിരില്ലാതെ

മാളിലെ പ്രധാന ആകര്‍ഷണം 14,383 ചതുരശ്ര അടിയുള്ള പ്ലെയാസ എന്ന ഫണ്‍ ഏരിയയാണ്. ജര്‍മ്മന്‍ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി വലിയ റൈഡുകളും 9ഡി തിയറ്ററുമുണ്ട്. സിനിമയിലെ ദൃശ്യങ്ങള്‍ക്കനുസരിച്ച് ഇരിപ്പിടം അനങ്ങും. സിനിമയില്‍ പുക വന്നാല്‍ യഥാര്‍ത്ഥ പുക അനുഭവിക്കാം. പൂക്കളും സുഗന്ധവും വന്നാല്‍ സിനിമാ ഹാളിലും മണം നിറയും.പന്ത്രണ്ടു പേര്‍ക്ക് ഒരു സമയം 9ഡി സിനിമാ കാണാനാകും. കുട്ടികള്‍ക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ വലിയ പാര്‍ട്ടി ഏരിയയുണ്ട്.
സിനിമ കാണാന്‍ ഏഴ് സ്ക്രീനുകളുണ്ട്. കാര്‍ണിവല്‍ ഗ്രൂപ്പിന്‍റെ മള്‍ട്ടിപ്ലെക്സില്‍ 1324 പേര്‍ക്ക് വിവിധ സ്ക്രീനുകളിലായി സിനിമ കാണാം.

സ്വാദേറും രുചിഭേദം
വിശാലമായ ഫുഡ് കോര്‍ട്ടാണ് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സജ്ജമാക്കിയിരിക്കുന്നത്.12,000 ചതുരശ്രയടിയിലാണ് ഫുഡ് കോര്‍ട്ട്. വ്യത്യസ്ത രുചികളില്‍ 23 സ്റ്റാളുകള്‍ ഇവിടെയുണ്ടാകും.കെഎഫ്സി മുതല്‍ നാടന്‍ രുചി വരെ.

പ്രഭാത നടത്തക്കാരേ.. ഇതിലേ..ഇതിലേ..

ഈഞ്ചക്കല്‍ ഭാഗത്തുള്ളവര്‍ക്ക് രാവിലെ നടക്കാന്‍ ഇടമില്ലന്ന പരാതി മാള്‍ വരുന്നതോടെ തീരും. ഒന്നര കിലോമീറ്റര്‍ ‘വാക്ക് വേ’ മാളിനു പുറത്ത് തയ്യാറാക്കിയിട്ടുണ്ട്. 50,000 ചതുരശ്രയടിയിലാണ് പുറത്തെ മിനിപാര്‍ക്ക്. ഇതില്‍ ജൈവ പച്ചക്കറികള്‍,പാല്‍ എന്നിവ ലഭിക്കുന്ന മുപ്പതിലധികം കിയോസ്ക്കുകള്‍ ഉണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാളില്‍ കയറാതെതന്നെ ഇതുവഴി വാങ്ങാനാവും.മിനിപാര്‍ക്കിലെ വേദിയില്‍ എന്നും സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
മാളിന് മുന്നിലെ ഭിത്തിയില്‍ തൂങ്ങുന്ന ലംബ ഉദ്യാനം മറ്റൊരു ആകര്‍ഷണമാണ്.

മാളില്‍ അവസാനവട്ട ജോലികള്‍ പുരോഗമിക്കുന്നു

തലവേദനയാവില്ല പാര്‍ക്കിംഗ്
മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗാണ് മാളില്‍ ഒരുക്കിയിരിക്കുന്നത്. 1200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാവും.വാഹനം മുഖ്യ കവാടത്തില്‍ എത്തുമ്പോള്‍ തന്നെ പാര്‍ക്കിംഗ് സ്ഥലമുണ്ടോ എന്നറിയാം.

ഇങ്ങനെ വിസ്മയക്കാഴ്ചകളുമായി ആളുകളെ ക്ഷണിക്കുകയാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’.