India

ചുരം കയറാതെ വയനാട്ടിലെത്താന്‍ തുരങ്കം വരുന്നു

വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത.

മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്.

സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 2014ല്‍ തുരങ്കപാതയ്ക്കായി പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. പാത നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ

തുരങ്കപാതയ്ക്ക് വേണ്ടി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വയനാട് എത്തി. മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 2016ല്‍ ജോര്‍ജ് എം തോമസ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുരങ്കപാതയുടെ സാധ്യത സംബന്ധിച്ച് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പദ്ധതി കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കാന്‍ ടെന്‍ഡര്‍ നടപടിയുടെ ആവശ്യമില്ല. സര്‍ക്കാരുമായി കരാറൊപ്പിട്ടാല്‍ മതി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിതലത്തില്‍ കരാര്‍രേഖ തയ്യാറാക്കുന്നതില്‍ അന്തിമഘട്ടത്തിലാണെന്ന് ജോര്‍ജ് എം തോമസ്‌ എം.എല്‍.എ. പറഞ്ഞു. ഇത് മന്ത്രിസഭ അംഗീകരിച്ച ശേഷം പ്രവൃത്തി കൊങ്കണ്‍ റയില്‍വേ ഏറ്റെടുക്കും.

ചെലവ്

ഒരു കിലോമീറ്ററിന് 100 കോടി രൂപയാണ് ചെലവ്. ആറര കിലോമീറ്റര്‍ റോഡിന് 650 കോടി രൂപ ചെലവാകും. പാതയുടെ കൃത്യം ദൂരം പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞാലേ വ്യക്തമാകൂ. നാലുവരിപ്പാതയാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചുമീറ്റര്‍ വീതിയിലായിരിക്കും തുരങ്കപാത.

ഗതാഗത വികസനം

ഈ തുരങ്കം വന്നാല്‍ ബാംഗ്ലൂര്‍- എറണാകുളം യാത്രയില്‍ 20 കിലോമീറ്റര്‍ ലാഭിക്കാം. മേപ്പാടിവഴി ആനക്കാംപൊയിലിലെത്തി തിരുവമ്പാടി- മുക്കം- അരീക്കോട് വഴി ദേശീയപാതയില്‍ പ്രവേശിക്കാം. നിലമ്പൂരില്‍ നിന്നും വരുന്നവര്‍ക്ക് കക്കാടംപോയില്‍- തിരുവമ്പാടി വഴി മേപ്പടിയിലേക്ക് പ്രവേശിക്കാം.