ഉലകം ചുറ്റും 12ഡി വാലിബന്
സ്വപ്നം കാണുന്നവന്റെ കലയാണ് സിനിമ. അങ്ങനെയൊരു സ്വപ്നവുമായി സജുമോന് കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. ആഢംബര മാളുകളില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 12 ഡി ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന മൂവബിള്‍ തീയറ്ററുമായി. മാളുകളിലെ സജ്ജീകരണങ്ങളേക്കാളും ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് അരൂര്‍ സ്വദേശികളായ സജുമോനും ഷീബയും തങ്ങളുടെ സഞ്ചരിക്കുന്ന 12 ഡി തിയേറ്റര്‍ കൊണ്ട്.
ഇരുട്ട് മുറിയില്‍ തെളിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍ ഇന്നും എല്ലാവര്ക്കും അതിശയമാണ്. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം നമ്മളും കൂടി ചലിക്കുന്നു. കഥയിലെ കഥാപാത്രം അഗാധമായ കുഴിയില്‍ പതിക്കുമ്പോള്‍ നമ്മളും ഒപ്പം വീഴുന്നു.. തികച്ചും പുതിയ അനുഭവമാണ് 12 ഡി ചിത്രം നമുക്ക് സമ്മാനിക്കുന്നത്.
സിനിമയിലെ രംഗങ്ങള്‍ക്കൊപ്പം എങ്ങനെ പ്രേക്ഷകരെകൂടി കൊണ്ടുപോവാം എന്ന ചിന്തയില്‍ നിന്നാണ് 12 ഡി തിയേറ്റര്‍ തുടങ്ങിയത്. അതിനായി കണ്ടെയ്നര്‍ ലോറി വാങ്ങി. അതില്‍ ചൈനയിലുള്ള സോഫ്റ്റ്വെയര് ഡെവലപ്പേഴ്സിന്റെ സഹായത്തോടെ തിയേറ്റര്‍ നിര്‍മിച്ചു. എട്ടടിയുള്ള സ്ക്രീനാണ് സിനിമകാണാന്‍ സജ്ജീകരിച്ചിരിക്കുന്നത്. കസേരകള്‍ പ്രോജക്റ്ററുമായി ബന്ധിപ്പിച്ചു. ഇതുവഴി സിനിമയിലെ എല്ലാ ചലനങ്ങളും പ്രേക്ഷകന് അനുഭവിക്കാന്‍ പറ്റും.
മേളകളിലും ഉത്സവ പറമ്പുകളിലുമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അഞ്ചു ജീവനക്കാരാണ് തിയേറ്ററിലുള്ളത്. പ്രേക്ഷകരുടെ ആവശ്യത്തിനനുസരിച്ച് സിനിമ പ്രദര്‍ശിപ്പിക്കും. 100 രൂപ ടിക്കറ്റ് നിരക്കില്‍ 12 ഡി സിനിമ ആസ്വദിക്കാം എന്നതാണ് കൂടുതല്‍ കാണികളെ ആകര്‍ഷിക്കുന്നത്.