News

മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ

സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്.

ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും.
4ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം.

അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നും 400 ഇനത്തില്‍പ്പെട്ട 40000 സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. മലമുകളില്‍ കൊടും തണുപ്പില്‍ വളര്‍ന്ന സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും അതേ തണുപ്പ് ക്രമീകരിച്ചിരിക്കുന്നു. ഉള്ളില്‍ താപനിലയും വായുവിന്യാസവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ നിലകളിലായി ജീവനക്കാര്‍ക്ക് മാത്രമായി ഷോപ്പിംഗ്‌ മാള്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. ഇതൊക്കെയാണെങ്കിലും ഓഫീസില്‍ പ്രത്യേക ക്യൂബുകളില്ല. വിശാലമായ മഴക്കാട് മാത്രം. ഓഫീസ് ഗ്ലാസുകളില്‍ സദാസമയവും മഴത്തുള്ളിക്കിലുക്കവും.ഇങ്ങനെ ഉന്മേഷഭരിതമായ അന്തരീക്ഷത്തില്‍ ആമസോണില്‍ ജോലിയെടുക്കാം. ഓഫീസ് എന്നതിനേക്കാള്‍ ഹരിതഗൃഹം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

മൈക്രോസോഫ്റ്റ് കാമ്പസ്,വാഷിംഗ്ടണ്‍

വ്യത്യസ്ത നിലയില്‍ രൂപകല്‍പ്പന ചെയ്യുന്ന ഓഫീസുകളാണ് പുതിയ ആകര്‍ഷണം.

ആപ്പിള്‍ കാമ്പസ് ക്യുബര്‍ട്ടിനോ സിറ്റി

മൈക്രോസോഫ്റ്റ് ട്രീ ഹൗസുമായി വന്നപ്പോള്‍ ആപ്പിള്‍ ഓഫീസ് ബഹിരാകാശപേടക മാതൃകയിലാണ് നിര്‍മ്മിച്ചത്‌.

ഇങ്ങ് കേരളത്തിലും വ്യത്യസ്ഥതക്ക് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്‍ഫോസിസ് കാമ്പസ് ഇരട്ട കപ്പലുകളുടെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്.