Hospitality

ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം

മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

ലക്‌ഷ്യം പലത്

ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്.

തുടക്കം സിന്ധുദുര്‍ഗില്‍

ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്.

ചിട്ടവട്ടങ്ങള്‍ മാറും

ജയിലില്‍ പോകാന്‍ തയ്യാറെങ്കില്‍ സഞ്ചാരിയുടെ ചിട്ടവട്ടങ്ങളും മാറും. കവാടത്തില്‍ തന്നെ വേഷം മാറണം. തടവുപുള്ളികളുടെ യൂണിഫോമാകും പിന്നെ വേഷം. വെള്ള കുര്‍ത്ത, മുട്ടോളം മാത്രമുള്ള പാന്‍റ്, ഗാന്ധിത്തൊപ്പി എന്നിവ ധരിക്കണം. അടിസ്ഥാന കാര്യങ്ങള്‍ക്ക് മഗ്ഗും സോപ്പും കിട്ടും. ഉറക്കം നിലത്തോ ഡോര്‍മിറ്ററിയിലോ ആകും. രാവിലെ ആറു മണിക്കേ ഉണരണം. അര മണിക്കൂര്‍ കൊണ്ട് കുളിയും മറ്റും കഴിയണം. ഒരു മണിക്കൂര്‍ പിന്നെ വ്യായാമവും യോഗയും. എട്ടരക്ക് പ്രാതല്‍ കിട്ടും. ഉപ്പുമാവോ ഓംലറ്റോ ബ്രെഡോ ആകും പ്രാതലിന്.

പ്രാതല്‍ കഴിഞ്ഞാല്‍ മൂന്നു മണിക്കൂര്‍ കൃഷിയും അടുക്കളപ്പണിയുമാണ്‌. ഉച്ചക്ക് പന്ത്രണ്ടരക്ക് ഉച്ചഭക്ഷണം. ചോറും, ചപ്പാത്തിയും പരിപ്പും. തുടര്‍ന്ന് ഒരു മണിക്കൂര്‍ വിശ്രമം. വിശ്രമം കഴിഞ്ഞാല്‍ സര്‍ഗാത്മക പരിപാടികളായി. തടവുപുള്ളികള്‍ക്കൊപ്പം ചര്‍ച്ച, കവിതാലാപനം, പാട്ടു പാടല്‍, നൃത്തം ചെയ്യല്‍ അങ്ങനെ കഴിവുകള്‍ പ്രകടിപ്പിക്കാം. വൈകിട്ട് മൂന്നരക്കോ നാലിനോ ചായയും ബിസ്ക്കറ്റും കിട്ടും. ശേഷം വീണ്ടും ജോലിയാണ്. വൈകിട്ട് ആറു മണിയോടെ എല്ലാവരും അവരവരുടെ സെല്ലില്‍ കയറണം. ഏഴു മണിക്ക് അത്താഴമായി. ഉച്ചക്ക് കിട്ടിയ അതേ മെനുവാകും രാത്രിയും. എട്ടരയോടെ ലൈറ്റുകള്‍ അണക്കും.തടവുകാരെ പോലെ ജയില്‍ കാന്‍റിനില്‍ നിന്നും ടൂറിസ്റ്റ് തടവുകാര്‍ക്കും ബിസ്ക്കറ്റും ഉരുളക്കിഴങ്ങ് ചിപ്സും മറ്റും വാങ്ങാം.

എങ്ങനെ കടക്കാം?

ജയിലിനുള്ളില്‍ കടക്കാന്‍ ചില കടമ്പകളുണ്ട്. ടൂറിസ്റ്റുകള്‍ ആരോഗ്യ ക്ഷമതാ പത്രം നല്‍കണം. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലന്നു തെളിയിക്കുകയും വേണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പ്രവേശനമില്ല. ജയിലിലെ ചിട്ടവട്ടങ്ങള്‍ പാലിക്കാമെന്ന് എഴുതി നല്‍കുകയും വേണം. ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ജയിലില്‍ താമസിക്കാം.

തുടക്കം തെലങ്കാനയില്‍ നിന്ന്

ജയില്‍ ടൂറിസത്തിന് തുടക്കമിട്ടത് തെലങ്കാനയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ തടവുജീവിതം അറിയാന്‍ 220വര്‍ഷം പഴക്കമുള്ള സംഗറെഡ്ഡി ജയിലിലാണ് സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. ഒരു ദിവസത്തേക്ക് 500 രൂപയാണ് ജയില്‍ താമസത്തിന് തെലങ്കാന ഈടാക്കുന്നത്.