Adventure Tourism

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ?

രാജേഷ്‌

Photo Courtesy: Santhosh George Kulangara

സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്.

കൊതിച്ചവര്‍ നിരവധി

ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ്‌ ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് .

രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി പ്രഖ്യാപിച്ചിരുന്നു. 2024ല്‍ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുമെന്നാണ് സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്കിന്‍റെ വാഗ്ദാനം.

പ്രശ്നങ്ങള്‍ ; സങ്കീര്‍ണതകള്‍

Photo Courtesy: Santhosh George Kulangara

ബഹിരാകാശ യാത്ര അത്ര നിസ്സാരമല്ല. തയ്യാറെടുപ്പ് തന്നെ അതി കഠിനമാണ്. നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ രണ്ടു വര്‍ഷം അതികഠിന പരിശീലനത്തിലായിരിക്കും. യാത്ര മാത്രമല്ല യാത്രക്കാരും നാസയുടെ പരീക്ഷണ പരിധിയില്‍ വരും. അഞ്ചു കാര്യങ്ങളാണ് ബഹിരാകാശ യാത്രയില്‍ പ്രശ്നങ്ങളായി നാസ ചൂണ്ടിക്കാട്ടുന്നത്. ബഹിരാകാശ ആണവ വികിരണം,ഏകാന്തത, ഭൂമിയില്‍ നിന്നുള്ള ദൂരം, ഗുരുത്വാകര്‍ഷണ (ഇല്ലാ) നിലങ്ങള്‍, അപരിചിത പരിതസ്ഥിതി എന്നിവയാണവ.

ചൊവ്വയിലെത്തണമെങ്കില്‍ തന്നെ നീണ്ട ഒമ്പതുമാസം പിടിക്കും. ഭൂമിയും ചൊവ്വയും ഒരേ രേഖയില്‍ വരുമ്പോഴേ അങ്ങോട്ടുള്ള യാത്ര സാധ്യമാകൂ. അതാകട്ടെ 26 മാസത്തില്‍ ഒരിക്കലേ സംഭവിക്കൂ. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കൂടി പോയി വരാന്‍ വേണ്ടത് മൂന്നു വര്‍ഷം.

ചൊവ്വ പോലല്ല ചന്ദ്രന്‍. ഭൂമിക്ക് ഏറ്റവും അരികെയുള്ള ചന്ദ്രനിലേക്ക് ഒരാഴ്ച കൊണ്ട് പോയി വരാം. നാസയുടെ ദൈര്‍ഘ്യമേറിയ അപ്പോളോ മിഷന്‍ തന്നെ 12 ദിവസവും 13 മണിക്കൂറും മാത്രമാണ് എടുത്തത് . ബഹിരാകാശ ആണവ വികിരണവും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റവുമാണ് അപ്പോളോ മിഷന്‍ നേരത്തെ തീര്‍ക്കാന്‍ കാരണം.

ആരോഗ്യം അതിരുവിടും

Photo Courtesy: Santhosh George Kulangara

ഭൗമോപരിതലത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന ഹ്രസ്വയാത്രാ ദൌത്യസംഘത്തിനു വെല്ലുവിളി ആരോഗ്യ പ്രശ്നങ്ങളാകും. മൂക്കൊലിപ്പും ശര്‍ദ്ദിയും ഉണ്ടായേക്കാം. ബഹിരാകാശത്തേക്ക് പ്രവേശിക്കുമ്പോള്‍ മൂന്നു ദിവസം വരെ നീളാവുന്ന ആകാശച്ചൊരുക്കിനും ഇടയാക്കിയേക്കാം . ബഹിരാകാശത്തെ ഭാരമില്ലായ്മ മറ്റ് ആന്തരിക വ്യവസ്ഥകളേയും ബാധിക്കാന്‍ ഇടയുണ്ട്. പല യാത്രികര്‍ക്കും കാല് എവിടെയെന്നു തിരിച്ചറിയാനാവാതെ പോവുക, മുകളിലോ താഴെയോ എന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരിക എന്നിവയൊക്കെ പല യാത്രികരും നേരിട്ട പ്രശ്നങ്ങളാണ് .

അപകടം ആണവ വികിരണം

ബഹിരാകാശത്തെ ഉയര്‍ന്ന ആണവ വികിരണത്തോത് യാത്രക്കാര്‍ക്ക് വലിയ പ്രശനമാണ്. ഒമ്പതു ദിവസത്തെ ചാന്ദ്ര ദൌത്യമെങ്കില്‍ ആണവ വികിരണത്തോത് നെഞ്ചിന്‍റെ 34 എക്സ്റേ എടുക്കാനുള്ള വികിരണത്തിന് തുല്യമാണ്. അതായത് 11.4 msv. ഭൂമിയില്‍ ഇത് ഒരു വര്‍ഷം 2msvയാണ്.
ഗുരുത്വാകര്‍ഷണ ബലം ഇല്ലാതാകുന്നതോടെ എല്ലുകള്‍ക്ക് ധാതു നഷ്ടം സംഭവിക്കും. വാര്ധ്യക്യത്തിലേക്ക് വേഗമെത്താനെ ഇത് ഉപകരിക്കൂ.

മനസേ പതറരുതേ…

Photo Courtesy: Santhosh George Kulangara

മികച്ച പരിശീലനം ലഭിച്ച യാത്രികര്‍ക്ക് പോലും കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് നാസ. 2007ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ ലിസ നോവാക്ക് കൊലപാതകക്കുറ്റത്തില്‍ പിടിക്കപ്പെട്ടതോടെ യാത്രക്കാരുടെ മാനസിക നിലയെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ നാസക്ക് അനുമതി ലഭിച്ചു. ബഹിരാകാശ സഞ്ചാരികള്‍ക്ക് മതിഭ്രമം സാധാരണമാണ്.കണ്ണിലെ മിന്നലുകളെയും കോസ്മിക് രശ്മികള്‍ മൂലമുള്ള മിന്നാമിന്നി കാഴ്ചകളെയും കുറിച്ച് ബഹിരാകാശ സഞ്ചാരി ഡോണ്‍ പെറ്റിറ്റ് എഴുതിയിട്ടുണ്ട്.ഇങ്ങനെ പ്രശ്നങ്ങളും സങ്കീര്‍ണതകളും ഏറെയുള്ള യാത്രയായതിനാലാകാം സ്വകാര്യ ഏജന്‍സികള്‍ ഇനിയും ബഹിരാകാശ യാത്രക്ക് ധൈര്യപ്പെടാത്തത് .