Column

ഔറംഗസീബിന്റെ നാട്ടില്‍

കഴിഞ്ഞ പെരുന്നാളിനാണ് ഔറംഗാബാദില്‍ പോയത്. യാത്ര വിവരണം എഴുതാനിരുന്നെങ്കിലും എഴുതി എഴുതി ഒരു ഒന്നൊന്നര എഴുത്തായി പോയി. അത് വെച്ച് നമുക്കൊരു മെഗാ സീരിയല്‍ അല്ല, അതിനപ്പുറവും നിര്‍മിക്കാം. വിവരണം ഒഴിവാക്കി അത്യാവശ്യം കാര്യങ്ങള്‍ മാത്രം എഴുതുന്നു. ഞങ്ങള്‍ എട്ട് പേരായിരുന്നു യാത്രക്കാര്‍. യാത്രയിലെ സംഭവങ്ങള്‍ ഒന്നും ഞാന്‍ പറയുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം. വെറുതെ വെറുപ്പിക്കല്‍സ് ആവും എന്നല്ലാതെ.

യാത്ര റൂട്ട് ഇങ്ങനെ. മുംബൈയിലക്കുള്ള ട്രെയിനില്‍ (മംഗള എക്സ്പ്രസ് പോലെ കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിനായാല്‍ നല്ലത്) കയറുക. ഔറംഗാബാദിലേക്ക് കണക്ഷന്‍ കിട്ടുന്ന എതെങ്കിലും ഒരു സ്റ്റേഷനില്‍ ഇറങ്ങാം. മന്‍മഡിലാണ് ഞങ്ങള്‍ ഇറങ്ങിയത് അവിടെ നിന്നും രണ്ട് മണിക്കൂറാണ് യാത്രയുള്ളത്. വൈകീട്ട് 5.30ന് എത്തി. അവിടെ നിന്നും രാത്രി ഒമ്പത് മണിക്ക് ഔറംഗാബാദിലേക്ക് കയറി. നാട്ടില്‍ നിന്നും തന്നെ ട്രെയ്ന്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. മേക്ക് മൈ ട്രിപ്പ്, ഓയോ റൂംസ് തുടങ്ങിയ സൈറ്റുകള്‍ വഴി റൂമും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ നല്ലത്. (ഞങ്ങള്‍ അങ്ങനെയാണ് ചെയ്തത്). മൂന്ന് ദിവസമെടുത്തായിരുന്നു ഞങ്ങള്‍ കാഴ്ച കണ്ട് തീര്‍ത്തത്. ഔറംഗാബാദില്‍ നിന്നും ടാക്സി വിളിക്കാന്‍ ശ്രമിക്കുക. ശ്രദ്ധിക്കേണ്ട ബാക്കി കാര്യങ്ങള്‍ അവസാനത്തില്‍ പറയാം. ആവശ്യക്കാര്‍ മാത്രം അത് വായിച്ചാല്‍ മതിയല്ലോ. ഞങ്ങള്‍ പോയ റൂട്ട് വെച്ച് പോവുകയാണെങ്കില്‍ അത് ഇങ്ങനെയായിരിക്കും.

ആദ്യദിനം- ദൗലത്താബാദ് കോട്ട

ഔറംഗാബാദില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട്. 12ാം നൂറ്റാണ്ടില്‍ ബില്ലമ എന്ന യാദവരാജാവാണ് കോട്ട പണി കഴിപ്പിക്കുന്നത്. അന്നിതിന്റെ പേര് ദേവഗിരി എന്നായിരുന്നു. യാദവരാജാക്കന്മാരുടെ തലസ്ഥാനം കൂടിയായിരുന്നു ഈ കോട്ടനഗരം. ദേവഗിരി ഒരുപാട് പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എ.ഡി. 1296 ല്‍ അലാവുദ്ദീന്‍ ഖില്‍ജി കീഴ്പെടുത്തി. 1327 ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയുടെ തലസ്ഥാനം കൂടിയായിരുന്നു ഈ നഗരം. 200 മീറ്റര്‍ ഉയരത്തിലുള്ള കുന്നിന് മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.

കോട്ടയുടെ സുരക്ഷയാണ് ഏറ്റവും എടുത്ത് പറയേണ്ടത്. ഡെക്കാണിലെ തന്നെ മികച്ച കോട്ടയാണിത്. സ്ഥിതി ചെയ്യുന്ന കുന്നിനെ ചുറ്റി വലിയൊരു കിടങ്ങുണ്ട്. ഒരുപാട് വാതിലുകളും പടിപ്പുരകളും കടന്ന് വേണം ഇവിടെയത്താന്‍. കിടങ്ങിന് കുറുകെ ചെറിയൊരു പാലം മാത്രമാണുള്ളത്. എത്ര വലിയ സൈന്യം വന്നാലും പാലം കടക്കാന്‍ ഒരേ സമയം ഒരാള്‍ക്കേ കഴിയൂ. കിടങ്ങിലാണെങ്കില്‍ നിറയെ മുതലയും. ഇന്നിവിടെ ഇരുമ്പില്‍ തീര്‍ത്തൊരു പാലം നിര്‍മിച്ചിട്ടുണ്ട്.

ഇനിയാണ് കോട്ട. ഇക്കണ്ടതൊന്നും കോട്ടയല്ല, ഇനി കാണാനുള്ളതാണ് കോട്ട എന്ന മട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടുത്ത വാതിലില്‍ നില്‍ക്കുന്നുണ്ട്. ഗൈഡായി കൂടെ വരാം, കോട്ടയുടെ രഹസ്യം കാണിച്ച് തരാം ഒരു അമ്പത് രൂപ തന്നാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു. മറ്റൊന്നും നോക്കിയില്ല ഞങ്ങള്‍ അദ്ദേഹത്തെ കൂടെ കൂട്ടി. കോട്ടയുടെ മുകളിലേക്ക് രണ്ട് വഴിയുണ്ട്. ഒന്ന് പണ്ട് മുതലെയുള്ളതും പിന്നെ ഒന്ന് പുതുതായി ഉണ്ടാക്കിയതും. പഴയ വഴിയിലൂടെയാണ് നമ്മുടെ യാത്ര. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കടന്നാല്‍ കുടുങ്ങിയാണ് ഈ കോട്ട. കൂരിരുട്ടില്‍ ഒന്നും കാണില്ല. ടോര്‍ച്ചെടുത്ത് അദ്ദേഹം ഞങ്ങള്‍ക്ക് എല്ലാം വിശദീകരിച്ച് തന്നു. ചുറ്റി വളഞ്ഞ് കിടക്കുന്ന കോണി, പുറത്തേക്കുള്ള വഴി എന്ന മട്ടില്‍ രൂപ കല്‍പ്പന ചെയ്ത വഴികള്‍. വെളിച്ചം ഉപയോഗിച്ചല്‍ സൈന്യത്തിന്റെ കണ്ണില്‍ പെടും. ചുറ്റി വളഞ്ഞ് നില്‍ക്കുന്നതിനാല്‍ പരസ്പരം വെട്ടി മരിക്കാനുള്ള സാഹചര്യവും. സൈന്യത്തെ കൂട്ട് പിടിച്ച് ചതിയിലൂടെയല്ലാതെ അകത്ത് കയറാന്‍ കഴിയില്ല. പുറത്തേക്കുള്ള വഴി എന്ന രീതിയില്‍ നിര്‍മിച്ചതാവട്ടെ താഴെ കിടങ്ങിലേക്കുള്ള വഴിയും. പുറമെ മുകളില്‍ നിന്നും തിളച്ച എണ്ണയും വെള്ളവും വിഷപ്പുകയും കൂടെ ശരീരത്തിലേക്ക് പതിച്ചാലോ. ചുരുക്കി പറഞ്ഞാല്‍ കോട്ടയില്‍ കയറിയവന്‍ കുടുങ്ങി.

ഇരുട്ടറ കടന്നാല്‍ മുകളില്‍ ‘ ബറാദിരി ‘ എന്നറിയപ്പെടുന്ന നിര്‍മിതി കാണാം. വിശ്രമത്തിനും യോഗങ്ങള്‍ ചേരാനുമൊക്കെയായി ഷാജഹാന്‍ നിര്‍മിച്ചതാണിത്. കോട്ടയുടെ പലഭാഗങ്ങളിലായി പീരങ്കികളുമുണ്ട്. ഒന്നാം പാനിപത്ത് യുദ്ധത്തില്‍ ബാബറാണല്ലോ ഇന്ത്യയിലാദ്യമായി പീരങ്കി ഉപയോഗിക്കുന്നത്. ഇരുമ്പിലും ഓടിലുമൊക്കെയായാണ് കോട്ടയിലെ പീരങ്കികള്‍ നിര്‍മിച്ചിട്ടുള്ളത്. അല്‍പ്പം സെല്‍ഫിയും ഗ്രൂപ്പ് ഫോട്ടോയുമെല്ലാമായി കോട്ടയില്‍ നിന്നും താഴേക്കിറങ്ങി.

 

അടുത്ത ലക്ഷ്യം എല്ലോറ ഇവിടെ നിന്നും ഏകദേശം 20 കിലോമീറ്ററിനടുത്ത് വരും.

ബുദ്ധ ജൈന ഹിന്ദു മതങ്ങളുടെ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ് എല്ലോറ. പണ്ട് സ്‌കൂളില്‍ കേട്ടിട്ടുണ്ടെന്നല്ലാതെ വലിയ ഐഡിയ ഒന്നും അതിനെ കുറിച്ച് ഉണ്ടായിരുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച സംരക്ഷിത കേന്ദ്രം കൂടിയാണിത്. നല്ലൊരു ഗൈഡിനെ ഞങ്ങള്‍ ഒപ്പിച്ചു. കക്ഷി ഓട്ടോ ഡ്രൈവറായിരുന്നു. എല്ലോറയിലേക്കുള്ള യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ബസ് ഇറക്കിയിട്ടുണ്ട്. ഇതോടെ അവരുടെ കച്ചവടം മുട്ടി. അങ്ങനെ ഗൈഡായി നടക്കുന്നു. ശൈഖ് എന്നാണ് പേര് പറഞ്ഞത്. ടിക്കറ്റെടുത്ത് ഞങ്ങള്‍ അകത്ത് കയറി. ബസില്‍ കയറിയാണ് യാത്ര.

34 ഗുഹകളാണ് എല്ലോറയിലുള്ളത്. ബുദ്ധ ജൈന ഹിന്ദു മത സംസ്‌കാരങ്ങളാണ് ഗുഹയിലേത്. ഒന്ന് മുതല്‍ 12 വരെയുള്ള ഗുഹകള്‍ ബുദ്ധ സംസ്‌കാരവും 13 മുതല്‍ 29 വരെ ഹിന്ദു സംസ്‌കാരവും 29 മുതല്‍ 34 വരെ ജൈന സംസ്‌കാരവുമാണുള്ളത്. ഗുഹ എന്ന് പറയുമ്പോള്‍ നമ്മളുടെ മനസ്സിലെത്തുന്ന ചിത്രം പോലെയല്ലിത്. സത്യത്തില്‍ വലിയ വലിയ ബില്‍ഡിങുകള്‍, ക്ഷേത്രങ്ങള്‍ ഇതാണ് എല്ലോറ. മഠങ്ങളും ആശ്രമങ്ങളുമായിരുന്നു ഇവയെല്ലാം. 16 ാമത്തെ ഗുഹയായ കൈലാസ ക്ഷേത്രമാണ് ഇതില്‍ ഏറ്റവും മനോഹരം. ഇവയെല്ലാം എങ്ങനെ നിര്‍മിച്ചു എ്ന്ന് നമുക്ക് പിടികിട്ടില്ല. ലോകത്ത് ഇന്നുള്ള ഏത് വലിയ ആര്‍കിടെക്റ്റ് കഷ്ടപെട്ടാലും ആയിരം വര്‍ഷമെടുത്താലും ഇങ്ങനെ നിര്‍മിക്കാന്‍ കഴിയുമോ എന്ന് സംശയം.

എ.ഡി 450 മുതല്‍ 750 വരെയുള്ള കാലഘട്ടത്തിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. എല്ലാ ഗുഹയിലും ഇന്നും വെള്ളമുണ്ട്. മഴ വെള്ളം സംഭരിക്കുന്ന കാര്യത്തിലും ഡ്രൈനേജിന്റെ കാര്യത്തിലും നമ്മളേക്കാള്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നവരാണവര്‍. വെള്ളം ക്ൃത്യമായി ശേഖരിക്കുന്നതിനുള്ള സംവിധാനം എല്ലാ ഗുഹയോടും ചേര്‍ന്നുണ്ട്. ഇന്നും ഇവിടങ്ങളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നു. ചുരുങ്ങിയത് ഒരു നാല് മണിക്കൂറെങ്കിലും വേണം മുഴുവന്‍ ഗുഹകളും കാണാന്‍, അല്ല കണ്ടു എന്നു കരുതാന്‍.

 

കുല്‍ദാബാദ്

ഔറംഗസീബിന്റെ ഖബറിടം, മറ്റു ‘പലരുടെയും’ ഖബറിടം അതാണ് ഖുല്‍ദാബിലുള്ളത്. മനോഹരമായ ഒരു ഗ്രാമ പട്ടണമാണ് കുല്‍ദാബാദിലേത്. ഒരു പാട് ദര്‍ഗകളുള്ള നാട് കൂടിയാണിത്. തന്റെ ആഗ്രഹം പോലെ ഔറംഗസീബിന്റെ ഖബറിടം കെട്ടിപൊക്കിയിട്ടില്ല. സമീപത്തായി അദ്ദേഹത്തിന്റെ ഗുരുവിന്റെ ഖബറമുണ്ട്. കുല്‍ദാബാദിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ വലിയങ്ങാടിയിലൂടെ നടക്കുന്ന ഒരു ഫീലാണ് നമുക്ക് ലഭിക്കുക.

രണ്ടാം ദിനം- അജന്ത

അജന്തയിലേക്കാണ് ഇന്ന് പോകുന്നത്. 102 കിലോമീറ്ററുണ്ട്. ഔറംഗാബാദില്‍ നിന്നും അജന്തയിലേക്കുള്ള വഴി ഏറെ രസകരമാണ്. മുത്തങ്ങ, ബന്ദിപ്പൂര്‍ റോഡിനെ അുസ്മരിപ്പിക്കുന്ന വിധമാണ് റൂട്ട്. ഒരിറ്റ് സ്ഥലം പോലും തരിശായി കിടക്കുന്നില്ല എന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. മഹാരാഷ്ട്രയില്‍ മുഴുവനായും അങ്ങിനായാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാര്‍ക്കിങ് സ്റ്റേഷനില്‍ നിന്നും ബസിന് ടിക്കറ്റെടുക്കണം. ബസില്‍ കയറി വേണം ഗുഹയിലെത്താന്‍. 30 ഗുഹകളാണ് അജന്തയിലുള്ളത്. എല്ലാം ബുദ്ധ സംസ്‌കാരങ്ങള്‍ വിളിച്ചോതുന്നത്. എല്ലോറയിലേത് പോലെ വ്യത്യസ്ത സ്ഥലങ്ങളിലായല്ല ഇവിടെയുള്ള ഗുഹകള്‍. തുടര്‍ച്ചയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അതി മനോഹരമായ ചുമര്‍ ചിത്രങ്ങള്‍ പല ഗുഹകളുടെയും പ്രത്യേകതയാണ്. ഓരോ ചിത്രത്തിനും ഓരോ കഥപറയാനുണ്ട്. ഗുഹയുടെ സെക്യൂരിറ്റിക്കാര്‍ ചില്ലറ നല്‍കിയാല്‍ വിവരണം അവര്‍ നല്‍കും.

എല്ലോറയിലേത് പോലെ ഇവിടെയും ജലസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വാഗൂര്‍ നദിയുടെ സമീപത്തയാണ് അജന്ത സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ എതിര്‍വശത്തുള്ള കുന്ന് കയറിയാല്‍ വാഗൂര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാം. ഗുഹയെല്ലാം കണ്ട് കഴിഞ്ഞ് കുന്ന് കയറുക എന്നത് അല്‍പ്പം സാഹസമുള്ള പണിയാണ്. ഏഴ് വെള്ളച്ചാട്ടങ്ങളുണ്ട് മുകളില്‍. സുന്ദരമായ കാഴ്ചയാണ് മുകളില്‍ നിന്നും. രണ്ടാം ദിനത്തില്‍ അജന്ത മാത്രമാണ് ഞങ്ങള്‍ കണ്ടെത്ത്. തിരിച്ചെത്തിയപ്പോഴേക്കും സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. ഔറംഗാബാദിലെ എസ്.എം സ്ട്രീറ്റായ ‘ഔറംഗപുര’ നഗരത്തിലായിരുന്നു രണ്ടാം ദിനത്തിലെ സായാഹ്നം.
മൂന്നാം ദിനം

നഗരത്തിനോട് ചേര്‍ന്നുള്ള കാഴ്ചകളായിരുന്നു മൂന്നാം ദിനത്തിലെ ഹൈലൈറ്റുകള്‍…

ബീബി കാ മഖ്ബറ

പാവങ്ങളുടെ താജ്മഹല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മാതാവിന്റെ ഓര്‍മക്കായി ഔറംഗസീബിന്റെ മകന്‍ നിര്‍മിച്ചതാണിത്. താജ്മഹലിന്റെ ഒരു ചെറിയ പതിപ്പ്. അത്യാവശ്യം നന്നായിട്ട് പണിതിട്ടുണ്ട്. പക്ഷേ, താജ്മഹല്‍ കണ്ടവര്‍ക്ക് ഇതൊക്കെ എന്ത് എന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത് (ഞാന്‍ താജ്മഹല്‍ കണ്ടിട്ടില്ല) മനോഹരമായ പുന്തോട്ടവും ഇതിന് സമീപത്തായി നിര്‍മിച്ചിട്ടുണ്ട്.

ഔറംഗാബാദ് ഗുഹകള്‍

അജന്തയുടെയും എല്ലോറയുടെയും ചെറിയ പതിപ്പ്. ഒരു ചെറിയ മലയില്‍ ബീബി കാ മഖ്ബറയില്‍ നിന്നും ചുരുങ്ങിയ ദൂരം മാത്രം. എല്ലാം ബുദ്ദ സംസ്‌കാരങ്ങള്‍ വിളിച്ചോതുന്നു. സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം തന്നെയാണിത്.

പഞ്ചക്കി

വാട്ടര്‍ മില്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. മത പണ്ഡിതനായ ഹസ്റത്ത് ബാബാഷാ മുസാഫിര്‍ 1744ല്‍ പണി കഴിപ്പിച്ചതാണിത്. മധ്യകാലഘട്ടത്തിലെ എഞ്ചിനിയറിങിന്റെ ഉത്തമ ഉദാഹരണം. മലയുടെ മുകളില്‍ നിന്നും വെളമെത്തിച്ച് നഗരത്തിലേക്ക് നല്‍കിയിരുന്ന സ്ഥലമാണിത്. ഭൂമിക്കടിയിലൂടെയാണ് വെള്ളം എത്തിച്ചിരുന്നത്. ഈ വെള്ളത്തിന്റെ ശക്തിയാല്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
ഇനിയും കാണാനുണ്ട് കാഴ്ചകള്‍ ഈ നഗരത്തില്‍. മ്യൂസിയമുണ്ട്, ദാദാസാഹബ് അംബേദ്കര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്, സുന്‍ഹേരി മഹലുണ്ട്, ഷോപിങ്ങിന് പ്രോസോണ്‍ മാളുണ്ട്, പൈത്താന്‍ കോട്ടണ്‍ സാരികള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലമുണ്ട് അങ്ങനെ അങ്ങനെ…..

ഔറംഗാബാദിനെ പറ്റി

ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം (തുഗ്ലക്ക് പരിഷ്‌കാരങ്ങളുടെ തുടക്കത്തില്‍) . സിറ്റി ഓഫ് ഗേറ്റ് എന്നറിയപ്പെടുന്നു. നിറയെ ഗേറ്റുകള്‍ ഉണ്ടിവിടെ. ഓരോ ഗേറ്റിനും ഓരോ പേരുമുണ്ട്. വെജിറ്റേറിയന്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ക്ക് പേര് കേട്ട സ്ഥലം കൂടിയാണിത്. ബിരിയാണിയും, താലി മീല്‍സും നിര്‍ബന്ധമായും പരീക്ഷിക്കുക. പ്രദേശ വാസികളോട് ചോദിച്ച് മികച്ച ഹോട്ടലില്‍ കയറുക. നഷ്ടം വരില്ല.

ഇതും കൂടെ

യാത്ര ടാക്സിയിലാക്കാന്‍ പരമാവധി ശ്രമിക്കുക. കൂടുതല്‍ ആളുണ്ടെങ്കില്‍ ലാഭകരമാവും. ഓട്ടോയില്‍ അത്യാവശ്യം നല്ല ചാര്‍ജ് ഈടാക്കും. മേക്ക് മൈ ട്രിപ്പ്, ഓയോ റൂംസ് പോലെയുള്ള സൗകര്യം ഉപയോഗപ്പെടുത്തുക. ഗൈഡിനെ വിളിക്കുന്നത് നല്ലതാണ്. അമ്പത് രൂപയൊക്കെ നല്‍കിയാല്‍ മതി, ഒരു അഞ്ഞൂറ് രൂപയുടെയെങ്കിലും ഉപകാരമുണ്ടാവും. ഗുഗിളമ്മായിയെ ഉപയോഗപ്പെടുത്താം. പ്രദേശവാസികളുടെ സഹായം കൂടെ തേടുന്നത് നന്നാവും. റെയില്‍ വെ സ്റ്റേഷനില്‍ നിന്നും അജന്തയിലേക്കും എല്ലോറയിലേക്കും എസി. ബസ് സര്‍വീസ് നടത്തുന്നുണ്ട്. സ്റ്റേഷനിലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സ്ഥലങ്ങള്‍ അറിയാനായി സ ഹായം ചോദിക്കുക.

– നബീല്‍ റാഷിദ്