America

ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്.

ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ രണ്ടാക്കി ചിരവകൊണ്ട് തേങ്ങ ചിരണ്ടി കാണിച്ചും മറ്റും ഷോ മുമ്പോട്ടുപോയി. ഞാൻ, കേരളത്തിൽ വരുന്ന സായിപ്പന്മാരെ കാണിക്കാന്‍ ഇങ്ങിനെ ഒരു സെന്‍റെര്‍ തുടങ്ങാതിരിക്കുന്നത് എന്താണെന്നാലോചിച്ചുകൊണ്ടിരുന്നു. പണ്ട് കല്യാണത്തിന് തേങ്ങാപ്പാൽ പിഴിയാൻ തോര്‍ത്തായിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്. ഇവിടെ ഒരു ചെറിയ വ്യത്യാസം ചെയ്തു. തേങ്ങയുടെ തൊണ്ടിൽ നിന്ന് കുറച്ചു ചകിരി എടുത്ത് ചിരകിയ തേങ്ങ അതിൽ ഇട്ടു പിഴിഞ്ഞ് പാൽ എടുത്തു.
ഷോ കഴിഞ്ഞപ്പോൾ ഞാൻ അയാളെ പോയി പരിചയപ്പെട്ടു. കാപ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ചിത്രകാരനാണ്. ധാരാളം ഭാഷകൾ അറിയാവുന്ന ഒരു സഹൃദയൻ.

ഇപ്പോള്‍ കണ്ടതെല്ലാം ഞാൻ സ്ഥിരമായി ചെയ്യുന്നതാണെന്നു പറഞ്ഞപ്പോൾ എന്‍റെ സ്വദേശം എവിടെയാണെന്നു ചോദിച്ചു. തെക്കേ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘നീ ഹവായിയുടെ കൂടുതൽ ചരിത്രം പഠിച്ചാൽ എന്തുകൊണ്ടാണ് നമ്മൾ ചില കാര്യങ്ങൾ ഒരു പോലെ ചെയ്യുന്നത് എന്ന് മനസിലാകും. നമ്മളും ഹവായിക്കാരും ഒരുപോലെ തേങ്ങാ പൊതിക്കുന്നത് യാദൃശ്ചികമാവാം. പക്ഷെ നമ്മളും ഇവരും തമ്മിൽ ഒരു ബന്ധമുണ്ട്. ഇതിനെ കുറിച്ച് പറയുന്നതിന് മുമ്പ് ആധുനിക ഹവായിയുടെ ചരിത്രം ചുരുക്കി പറയാൻ ശ്രമിക്കാം.  ഭൂമിയിൽ ഒറ്റപ്പെട്ട് കടലിന്‍റെ നടുക്കുകിടക്കുന്ന ദ്വീപസമൂഹമാണിത്. അടുത്തുള്ള കരഭാഗം 2000 മൈൽ (3200 കിലോമീറ്റര്‍) ദൂരെയാണ്. അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമാണെങ്കിലും ഭൂമിശാസ്ത്രപരമായി അമേരിക്കയില്‍നിന്നും 2400 മൈല്‍ ദൂരെ കിടക്കുന്ന ഹവായി അമേരിക്ക നൈസ് ആയി അടിച്ചു മാറ്റിയ ഒരു ദ്വീപസമൂഹമാണ്. ദൂരംവച്ച് റഷ്യയിലെ മോസ്കൊ ഇന്ത്യയുടെ ഒരു സംസ്ഥാനമാണെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും അത് പോലെയാണിത്‌.

ഹവായിയിലേ ജനത അമേരിക്കയിൽ നിന്നും കുടിയേറിയവറല്ല. പോളിനേഷ്യയിൽ നിന്നും കുടിയേറിയവരാണ്. കണ്ടാൽ അമേരിക്കക്കാരും ഹവായിയൻ ആളുകളും തമ്മിൽ അത്രയ്ക്ക് വ്യത്യാസമുണ്ട്. ഹവായിക്കാർക്ക് ദക്ഷിണേന്ത്യക്കാരോടാണ് സാമ്യം എന്നാണെനിക്ക് തോന്നിയത്. സി.ഇ നാന്നൂറിലാണ് പോളിനേഷ്യയിൽ നിന്ന് ആളുകൾ ഹവായിലേക്കു കുടിയേറുന്നത്. പോളിനേഷ്യയിൽ നിന്നും 2500 മൈൽ ദൂരെയാണ് ഹവായി. വർഷങ്ങൾക്ക് മുമ്പ് ആധുനിക നാവിക സംവിധാനം ഇല്ലാത്ത കാലത്ത് ആളുകൾ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നതിനെക്കുറിച്ച് ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. 1791ലാണ് ക്യാപ്റ്റൻ ജെയിംസ് കുക്ക് ഈ ദ്വീപിലേക്ക് വന്നത്. ഇവിടത്തെ ആളുകളുമായി ഉടക്കിയ അദ്ദേഹത്തെ കൊന്നു കളഞ്ഞു. 1819 വരെ കാമേഹമിയ എന്ന രാജാവ് ഹവായ് ദ്വീപുകളെ ഒരുമിച്ചുകൂട്ടി രാഷ്ട്രമായി ഭരണംനടത്തി. 1820ൽ ആദ്യ യൂറോപ്യൻ മിഷണറികള്‍ ഇവിടെയെത്തി. മൂന്നു ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന ഹവായ് ആദിമജനത യൂറോപ്യൻ മിഷണറിമാർ വന്ന് മുപ്പത്തി അഞ്ചു കൊല്ലംകൊണ്ട് എഴുപതിനായിരമായി ചുരുങ്ങി. 1893 ആയപ്പോഴേക്കും പൈനാപ്പിളും കരിമ്പും കൃഷി ചെയ്യാൻ വന്ന അമേരിക്കക്കാരുടെ കയ്യിലായി ഹവായിയുടെ നിയന്ത്രണം. 1898ൽ അവസാനത്തെ രാഞ്ജി ലീലിയോകലാനിയെ പുറത്താക്കി അമേരിക്ക പൂർണമായും ഹവായ് പിടിച്ചെടുത്തു. സൈനിക പ്രാധാന്യം അർഹിക്കുന്ന സ്ഥലമായതുകൊണ്ട് പേൾ ഹാർബർ ആക്രമണത്തിനു ശേഷം 1959ൽ അമ്പതാമത്തെ സംസ്ഥാനമായി അംഗീകരിച്ചു.

പോളിനേഷ്യക്കാരാണ് ഹവായിയിൽ വന്നതെങ്കിൽ പോളിനേഷ്യക്കാർ എവിടെ നിന്ന് വന്നവരാണ്? പുതിയ ഡി.എന്‍.എ. അറിവുകൾവെച്ച് കിട്ടിയ വിവരം ഹവായിലേക്ക് സമുദ്രസഞ്ചാരം നടത്തിയ പോളിനേഷ്യക്കാരുടെയും മൈക്രോനേഷ്യക്കാരുടെയും പൂർവികർ നാലായിരം വർഷങ്ങൾക്ക് മുമ്പ് സൗത്ത്ഈസ്റ്റ് ഏഷ്യയിൽ നിന്ന് കുടിയേറിയവരാണെന്നാണ്. ഏഷ്യയിൽ നിന്ന് വന്നവരാണ് ഹവായിയിലെ പൂർവികരായ പോളിനേഷ്യക്കാർ. പല പോളിനേഷ്യൻ ദ്വീപുകളെക്കുറിച്ചും പരിചയപ്പെടാൻ ഇവിടെ സൗകര്യമുണ്ട്. ലുആഉ എന്നാണ് ഇവരുടെ ആഘോഷത്തിന്‍റെ പേര്. പന്നിയെ ഭൂമിക്കടിയിൽ കുഴിച്ചിട്ടു വേവിച്ചെടുക്കുന്ന കലുആയാണ് പ്രധാന ഭക്ഷണം. അഓടിയറോവ ദ്വീപിലെ യുദ്ധപ്രഖ്യാപനം നടത്തുന്ന നൃത്തമായ ഹക്ക ഡാൻസ് നമ്മെ ശരിക്കും പേടിപ്പിക്കും. അതുപോലെ ടോങ്കയിലെ നൃത്തം, തഹിത്തി ദ്വീപിലെ സുന്ദരികൾ അരക്കെട്ടു വളരെ വേഗത്തിൽ ഇളക്കി ചെയ്യുന്ന ഹുല നൃത്തം തുടങ്ങി ഹവായിയിൽ പോയാൽ കണ്ടിരിക്കേണ്ട കുറെ അധികം കാര്യങ്ങൾ ഇവിടെയുണ്ട്.