America

ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്.  മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്.
കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ലാവയുടെ മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്.

റോഡിലൂടെ കാറിൽ പോകുമ്പോള്‍ സ്റ്റോപ്പ് സൈൻ, മുമ്പില്‍ ലാവ റോഡിനു കുറുകെ ഒഴുകുന്നു. ഞങ്ങൾ എത്തുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് പഹോവ ഗ്രാമത്തിലുള്ളവര്‍ക്ക് ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ മാറി താമസിക്കേണ്ടി വന്നത്. അവിടെ ലാവ ഒഴുകി കടലിൽ വീഴുന്നത് ഒരു കാഴ്ചയാണ്. ഇങ്ങനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിൽ ഉണ്ടാവുന്നത്. പുതിയ ഭൂമി ഉണ്ടാവുന്നത് നേരിട്ട് കാണാം. കൊഹാലയാണ് പഴക്കം ചെന്ന അഗ്നിപർവതം. 60,000 വർഷങ്ങളായി കക്ഷി ഉറക്കത്തിലാണ്. മൗന കിയ എന്ന രണ്ടാമൻ 3600 വർഷങ്ങൾക്ക് മുമ്പാണ് അവസാനം പൊട്ടിത്തെറിച്ചത്. വർഷങ്ങളായി പൊട്ടിത്തെറിക്കാത്ത അഗ്നിപർവതങ്ങളെ ഡോർമെൻറ് എന്ന് വിളിക്കുന്നു. ബാക്കി മൂന്നും ഇപ്പോഴും ആക്റ്റീവാണ്. ഇവയിൽ കീലൗഎയ (Kīlauea) യാണ് ഇപ്പോഴും ആകാശത്തേക്ക് ലാവ തുപ്പിക്കൊണ്ടിരിക്കുന്ന ദേഷ്യക്കാരി (ഹവായ് വിശ്വാസം അനുസരിച്ച് ഈ അഗ്നിപർവതം പെണ്ണാണ്). പൊട്ടിത്തെറിയുടെ ഭീകരതയെക്കാൾ ലാവാ പ്രവാഹം നീണ്ടുനിൽക്കുന്നതിനാണ് ഇവൾ പ്രശസ്തം. 1983 ജനുവരി 3നു പൊട്ടിത്തെറിച്ച ഈ അഗ്നിപർവ്വതത്തിന്‍റെ ലാവാ പ്രവാഹം ഇപ്പോഴും തുടരുന്നു. ചിലപ്പോൾ ലാവയുടെ ദിശ മാറുകയും അതിന്‍റെ ദിശയിൽ വരുന്ന പട്ടണങ്ങള്‍ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറേണ്ടി വരികയും ചെയ്യുന്നു.

വര്‍ഷങ്ങളായി അവരുടെ ജീവിതം ലാവയുടെ ഒഴുക്കുമായി ബന്ധപ്പെട്ടതാണ്. ഓരോ ദിവസവും 30 കിലോമീറ്റർ റോഡ് പൊതിയാനുള്ള ലാവ ഇതിൽനിന്നും വരുന്നുണ്ട്.  കീലൗഎയ ഈകീ ട്രെയിൽ: തീയില്ല, പുകമാത്രം. വോൾക്കനോ നാഷണൽ പാർക്കിലെ കാഴ്ചകളിൽ ആദ്യത്തേത്, ഒരിക്കൽ പൊട്ടിത്തെറിച്ച് ഇപ്പോൾ തീയില്ലാതെ പുക മാത്രം വരുന്ന അഗ്നിപര്‍വതത്തിന്‍റെ വായിലൂടെ ഒരു നടത്തം. അതാണ് കീലൗഎയ ഈകീ ട്രെയിൽ. ആദ്യം അഗ്നിപര്‍വതത്തിന്‍റെ അരികിലൂടെ മുകളിലേക്ക് ഒരു കയറ്റം. നല്ല പച്ചപ്പുള്ള വഴികൾ. ഒരു മഴക്കാട്ടിലൂടെ നടക്കുന്ന പ്രതീതി. പൊട്ടിത്തെറിച്ചു കുഴിഞ്ഞുപോയ അഗ്നിപര്‍വതത്തിന്‍റെ തലയിലേക്ക് പതുക്കെ ഇറങ്ങിപ്പോകണം. എന്‍റെ മനസ്സിൽ വലിയ മലയുടെ മുകളിൽ ചെറിയകുഴി എന്നതായിരുന്നു അഗ്നിപര്‍വതത്തെ കുറിച്ചുള്ള സങ്കല്‍പ്പം. നേരിട്ട് കണ്ടപ്പോഴാണ് ഇതിന്‍റെ വലിപ്പം മനസ്സിലായത്. ‘ചെറിയ’ കുഴിയുടെ ഇങ്ങേതല മുതല്‍ അങ്ങേതല വരെ രണ്ടു കിലോമീറ്റര്‍ നീളമുണ്ട്‌. ഇമ്മിണി ബല്യ കുഴി.

ലേഖകനും കുടുംബവും

മുഴുവൻ ചത്തിട്ടില്ലാത്ത ഒരു അഗ്നി പർവതത്തിന്‍റെ മുകളിലൂടെയാണ് ഈ നടത്തം. ചൂട് നീരാവി അവിടിവിടെയായി മുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതിന്‍റെ ഒത്തനടുവിൽ ചെറിയ കല്ലിന്‍കൂമ്പാരം, അതിനുനടുക്ക് മറ്റൊരു കുഴി. അവിടെ ഒരു മുരൾച്ച കേൾക്കാം. ചൂടുള്ള നീരാവി ശക്തിയായി പുറത്തേക്കു പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ചെറിയ പേടി തോന്നി. ഇങ്ങേർക്ക് ഇപ്പോഴൊന്നും പൊട്ടിത്തെറിക്കാൻ തോന്നല്ലേ ദൈവമേ എന്ന് മനസ്സിൽ പ്രാർഥിച്ചു ആഞ്ഞു നടന്നു. അങ്ങേ അറ്റത്തേക്കു നടന്നാല്‍ മുകളിലേക്ക് തിരിച്ചു കയറണം. 8 കിലോമീറ്ററാണ് മൊത്തം നടത്തം. തിരിച്ചു കയറുന്നിടത്താണ് തദ്ദേശീയർ നാഹുക്കു എന്ന് വിളിക്കുന്ന തേർസ്റ്റൻ ലാവ ട്യൂബ്. അരക്കിലോമീറ്റർ നീളത്തിലുള്ള ടണലാണിത്. കണ്ടാൽ പ്രത്യേകിച്ച് വിശേഷമൊന്നും തോന്നില്ല ഇത് എങ്ങനെയുണ്ടായി എന്നറിയുന്നത് വരെ. പൊട്ടിത്തെറിക്ക് ശേഷം അഗ്നിപർവതത്തിൽ നിന്നും ലാവ ശക്തിയായി പ്രവഹിക്കും. കുറെ കഴിയുമ്പോൾ ഈ ലാവാ പ്രവാഹത്തിന്‍റെ പുറംവശം പതുക്കെ തണുക്കാൻ തുടങ്ങും. തണുക്കുന്നു ഭാഗം ഉറക്കുകയും ഗുഹപോലെ ആവുകയും ചെയ്യും. ഉള്ളിലുള്ള ലാവ പ്രവാഹം പെട്ടെന്ന് നിന്നാൽ ഈ പുറത്തുള്ള ഗുഹ ബാക്കിയാവും. അങ്ങനെയുണ്ടായ ടണലാണിത്.

ഹവായിയിലെ വോൾക്കാനോ നാഷണൽ പാർക്കിലെ മുന്നറിയിപ്പു ബോർഡുകൾ രസകരമാണ്. ‘ഒഴുകുന്ന ലാവയിൽ കോലു കുത്തി നോക്കരുത്’ (don’t poke stick in lava), ‘ലാവയിൽ മാർഷ്മെല്ലോ റോസ്റ്റ് ചെയ്തു കഴിക്കരുത്’ (don’t roast marshmallows in lava). ഒഴുകുന്ന ലാവയെ പിന്തുടരുന്നത് യാത്രികര്‍ ചെയ്യുന്ന ഒരു പരിപാടിയാണ്. ഗൈഡ് ഇല്ലാതെ പോയാല്‍ അപകടങ്ങൾ നടക്കും. എല്ലാ ലാവാ പ്രവാഹങ്ങളും ചുവന്ന തീയായി ഒഴുകുന്നതല്ല. ചിലതു പതുക്കെ ഒഴുകുന്നതും പുറത്തു നിന്ന് നോക്കിയാൽ ചാരനിരത്തിൽ പെട്ടെന്ന് ലാവയാണെന്ന് തിരിച്ചറിയാൻ പറ്റാത്തതുമാണ്. അറിയാതെ കേറി ചവിട്ടിയാൽ പണി പാളും. ലാവ ഒഴുകി കടലിൽ വീഴുന്നത് ബോട്ടിൽ പോയി കാണാം. വര്‍ഷം കഴിയുംന്തോറും ഈ ദ്വീപ് വലുതായി കൊണ്ടിരിക്കുന്നു.

അപകടങ്ങൾ ഉള്ളതുകൊണ്ടും, കുട്ടികൾ ഉള്ളതിനാലും ഞങ്ങൾ ഒഴുകുന്ന ലാവയെ ഒഴിവാക്കി മുമ്പ് ഒഴുകിയ ലാവയുടെ ദിശനോക്കി യാത്രയായി. ചെയിൻ ഓഫ് ക്രേറ്റെർസ് എന്ന റോഡാണ് പഴയ ലാവാ പ്രവാഹവങ്ങളെ ബന്ധിപ്പിക്കുന്ന റോഡ്. ഇപ്പോൾ തീ തുപ്പുന്ന കിലൗഈയ അഗ്നിപർവതത്തിന്‍റെ ലാവ ഒഴുകി കടലിലേക്കെത്തുന്ന അങ്ങോട്ടാണ് ഈ റോഡ് പോകുന്നത്. അസാധാരണ അനുഭവമാണ് ഈ റോഡിലൂടെയുള്ള ഡ്രൈവ്. ഒഴുകിയുറച്ച ലാവാ പാടത്തിലൂടെ ഞങ്ങൾ കുറച്ചു നേരം നടന്നു. കയ്യിൽ എടുക്കുമ്പോള്‍ ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. ഇവിടെ നിന്ന് സൂര്യാസ്തമയം കണ്ടിട്ടാണ് ഞങ്ങൾ ഈ യാത്രയുടെ പ്രധാനമായ കിലൗഈയ പൊട്ടിയൊലിക്കുന്ന കാഴ്ച കാണാന്‍ പോയത്.  ഇതിനോട് അടുക്കുമ്പോള്‍ ആകാശത്ത് ചുവന്ന പുക കാണാൻ തുടങ്ങും. ജീവിതത്തിൽ മറ്റൊരിക്കലും കാണാത്ത കാഴ്ച. 230 ഏക്കറാണ് ലാവാ മുകളിലേക്ക് തെറിക്കുന്ന ഭാഗത്തിന്‍റെ വലിപ്പം. ഒരുമൈൽ അടുത്ത് മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കുകയുള്ളു. വോൾക്കാനോ നാഷണൽ പാർക്കിന്‍റെ പ്രധാന സ്ഥലമാണ് ഈ അഗ്നിപർവതത്തിന്‍റെയുള്ളില്‍ ലാവ തിളക്കുന്നതു കാണാൻ കഴിയുന്ന വിസിറ്റർ സെന്‍റെര്‍. ആകാശത്തേക്ക് തീ തുപ്പുന്ന പർവതം. ഉള്ളിൽ തിളച്ചു കൊണ്ടിരിക്കുന്ന ലാവ. ഇടക്കിടക്ക് വെള്ളം മുകളിലേക്ക് തെറിക്കുന്ന പോലെ ലാവാ മുകളിലേക്ക് തെറിക്കുന്നു. അഗ്നിപർവതത്തെ ഹവായിക്കാർ ദൈവമായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

പിറ്റേന്ന് രാവിലെ ഹൈലോ ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് വച്ചു പിടിച്ചു. ബ്ലൂ ഹവായിയൻ ഹെലികോപ്റ്റർ കമ്പനിയുടെ അഗ്നിപർവതങ്ങളും വെള്ളച്ചാട്ടങ്ങളും എന്ന ടൂർ പക്കേജ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. ഹവായ് ഇവ രണ്ടിനും പേരു കേട്ടതാണ്. ആദ്യമായിട്ടാണ് ഹെലികോപ്റ്ററിൽ കയറുന്നത്. അതും എപ്പോഴും ലാവാ തുപ്പുന്ന അഗ്നിപർവ്വതത്തിനു മുകളിലൂടെ. ആദ്യം ലാവാ ഒഴുകുന്ന പട്ടണങ്ങളുടേയും കാടുകളുടേയും മുകളിലൂടെയാണ് കൊണ്ടു പോവുക. കാടിനകത്ത് ലാവയുടെ മറ്റൊരു കൈവരി ഒഴുകുന്നുണ്ട്. മരങ്ങൾ കത്തുന്നത് കാണാം. പൈലറ്റ് ഇതെല്ലം വിശദീകരിച്ചു തന്നു. എല്ലാ ദിവസവും ഓരോ കാഴ്ചകളാണ്. ദിവസവും പത്തു തവണ അഗ്നിപർവതത്തിനു മുകളിലൂടെ പറക്കുന്ന ഇവരാണ് ലാവയുടെ ഗതി മാറ്റവും പുതിയ ലാവാ പ്രവാഹങ്ങളും ആദ്യം കാണുന്നത്. തിരിച്ചു വരുന്ന വഴിയിലാണ് വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്ര. ഹൈലോ എയർപോർട്ടിൽ തിരിച്ചെത്തുന്നത് വരെ വലുതും ചെറുതുമായ ഇരുപതു വെള്ളച്ചാട്ടങ്ങൾ കാണാം. ഹവായിൽ പോകുന്നവർ ഓആഹു ദ്വീപില്‍ മാത്രം പോകാതെ ഹവായ് ദ്വീപിലും പോയി കാഴ്ചയുടെ വിസ്മയം ആസ്വദിക്കണം.