Destinations

ഇന്ത്യയുടെ സുവര്‍ണനഗരം; ജെയ്‌സല്‍മീര്‍

ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്‌സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു തെറ്റുമില്ലെന്ന് ബോധ്യമാകും.


ജെയ്സാല്‍ മീര്‍ കോട്ട മാത്രമല്ല ജെയ്സാല്‍ മീര്‍ പ്രദേശത്തെ മിക്ക കെട്ടിടങ്ങളും മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചതാണ്. നിലാവ് ഇല്ലാത്ത രാത്രികളില്‍ നക്ഷത്രങ്ങള്‍ മാത്രമുള്ള മരുഭൂമിയിലെ ആകാശ കാഴ്ചകളാണ് ജെയ്‌സാര്‍ മീറിലെ മറ്റൊരു അനുഭവം. ഇതിനായി മാത്രം ലോകത്തിലെ പല സഞ്ചാരികളും ഈ നഗരത്തിലേക്ക് എത്തുന്നുണ്ട്.

ജെയ്സാല്‍ മീര്‍ കോട്ടയ്ക്കുള്ളില്‍ ആളുകള്‍ താമസമുണ്ട്. ഈ കോട്ടയില്‍ 7 ഓളം ജൈന ക്ഷേത്രങ്ങളുമുണ്ട്. രജപുത്ര രാജാവയിരുന്ന റാവു ജൈസാല്‍ എ ഡി 1156 ലാണ് ജെയ്സാല്‍ മീര്‍ നഗരം നിര്‍മ്മിക്കുന്നത്. ജയ്സാലിലെ മലനിരകള്‍ എന്നാണ് ജെയ്സല്‍ മീര്‍ എന്ന വാക്കിനര്‍ഥം.

താര്‍ മരുഭൂമിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ജെയ്സാല്‍ മീര്‍ ഇന്ത്യയിലെ പൈതൃക നഗരങ്ങളില്‍ ഒന്നാണ്. കൂടാതെ രാജസ്ഥാനിലേ ഏറ്റവും വലിയ ജില്ല കൂടിയാണ് ജെയ്സല്‍ മീര്‍.

വരണ്ടുണങ്ങിയ കാലാവസ്ഥയാണ് പൊതുവില്‍ പ്രദേശത്തിനുള്ളത്. അന്തരിക്ഷ താപനിലയും വളരെ കൂടുതലാണ്. വേനല്‍ക്കാലത്തും ശൈത്യകാലത്തും താപനിലയില്‍ വലിയ വ്യത്യാസമാണുള്ളത്. വേനല്‍ക്കാലത്തെ കൂടിയ താപനില 49 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 25 ഡിഗ്രിയുമാണ്. ശൈത്യകാലത്താകട്ടെ കൂടിയത് 23 ഡിഗ്രിയും കുറഞ്ഞത് 5 ഡിഗ്രിയുമാണ്.

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 557 കി. മീറ്റര്‍ പടിഞ്ഞാറു മാറിയാണ് ജെയ്സാല്‍മീര്‍ നഗരം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ ഏതു നഗരങ്ങളില്‍ നിന്നും ജെയ്സാല്‍ മീറിലേക്ക് ബസ് മാര്‍ഗം സഞ്ചരിക്കാം. പ്രധാന എയര്‍പോര്‍ട്ടും റെയില്‍വെ സ്റ്റേഷനും ജയ്പൂരും ഉദയ്പൂരുമാണെങ്കിലും സഞ്ചാരികളുടെ സൗകര്യത്തിനായി ജെയ്സല്‍ മീറില്‍ റെയില്‍വെ സ്റ്റേഷനും എയര്‍പോര്‍ട്ടുമുണ്ട്.