News

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് പോകാം; ചെയ്യേണ്ടത് ഇത്രമാത്രം

ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമേതെന്നറിയുമോ? അവിടം എന്തുകൊണ്ട് ഇത്ര സന്തോഷമുള്ള നാടായി എന്നറിയുമോ? അവിടുത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും രഹസ്യമറിയണോ? സന്തോഷമുള്ള ഒരു മനുഷ്യനൊപ്പം പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ കണ്ട് രസിക്കണോ? ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ഐക്യ രാഷ്ട്രസഭ തിരഞ്ഞെടുത്ത ഫിന്‍ലന്‍ഡ് ഇത്തരമൊരു യാത്രാനുഭവത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ്. സന്തോഷം തേടിയുള്ള യാത്രയുടെ ഏറ്റവും സന്തോഷമുള്ള ഓഫര്‍ ഇതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

‘റെന്റ് എ ഫിന്‍’ എന്ന് പേരിട്ട പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഫിന്‍ലന്‍ഡ് ടൂറിസം വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫിന്‌ലാന്ഡിന്റെ ഭൂമിശാസ്ത്രം നന്നായറിയുന്ന വിദഗ്ദരായ 8 സഞ്ചാര സഹായികളാകും പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുക. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികളെയും കൂട്ടി ഫിന്‌ലാന്ഡിന്റെ മനോഹര ഭൂപ്രദേശങ്ങളിലേക്ക് പോകുകയാണ് ഇവരുടെ ചുമതല. സന്തോഷം തേടിയെത്തുന്ന സഞ്ചാരികളെ നയിക്കുന്ന ഇവര്‍ ‘ഹാപ്പിനെസ്സ് ഗൈഡ്‌സ് ‘ എന്നാകും അറിയപ്പെടുക.

സന്തോഷയാത്രയ്ക്ക് റെഡിയാണോ? എങ്കില്‍ ഉടന്‍ തന്നെ പദ്ധതി വെബ്സൈറ്റായ ‘റെന്റ് എ ഫിന്‍’  https://rentafinn.com/ സന്ദര്‍ശിക്കണം. നിങ്ങള്‍ ആരാണ്, എന്തുകൊണ്ട് ഫിന്‍ലന്റിലേക്ക് യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നു, നിങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ സവിശേഷതകള്‍ എന്ത് മുതലായ കാര്യങ്ങള്‍ തെളിയിക്കുന്ന വീഡിയോ ഉള്‍പ്പെടുത്തി ആര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 14 ആണ് അവസാന തീയതി.

പ്രകൃതിയുമായുള്ള ആത്മബന്ധമാണ് തങ്ങളുടെ സന്തോഷത്തിന്റെ രഹസ്യമെന്നാണ് ഫിന്‍ലന്റുകാര്‍ ഉറപ്പിച്ച് പറയാറുള്ളത്. ഫിന്‌ലാന്ഡിന്റെ മനോഹര ഭൂപ്രദേശങ്ങളിലൂടെയുള്ള മൂന്നു ദിവസത്തെ യാത്ര തിരഞ്ഞെടുക്കപെടുന്നവര്‍ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഹാപ്പിനെസ്സ് ഗൈഡുകളുടെ ലഭ്യത അനുസരിച്ചായിരിക്കും യാത്രയ്ക്കുള്ള തീയതി നിശ്ചയിക്കുക.