Column

അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!

 

നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം 

 

അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാന്‍ ചെയ്തത്.

നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന്‌ തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക്‌ റോഡിൽനിന്ന്‌ കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം.

സമുദ്രനിരപ്പിൽനിന്ന്‌ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും.

ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ചാട്ടം ചാടി… കറക്റ്റ് ടൈമിൽ ഫോട്ടോഗ്രാഫർ ചേട്ടൻ ഫോട്ടോയും എടുത്തു… ചെറുതായിട്ടൊന്നു ഗ്രിപ്പ് പോയെങ്കിലും താഴെ കൊക്കയിൽ വീഴാതെ രക്ഷപെട്ടു. ഏതായാലും ഞങ്ങൾ പോയപ്പോൾ കുറച്ചു മേഘവും മഴ പെയ്തു തീർന്ന ഒരു മിസ്റ്റിക് ഫീലും സൂര്യാസ്തമയവും പിന്നെ ആ കാറ്റും…. ഹോ.. ! ആ ഫീൽ എന്തെന്ന് അനുഭവിച്ചു തന്നെ അറിയണം…. സത്യം പറഞ്ഞാൽ തിരികെ പോരാൻ എനിക്കൽപ്പം മടിയായിരുന്നു.

അയ്യമ്പാറ എത്താനുള്ള വഴി;

ഈരാറ്റുപേട്ട- തീക്കോയി വഴിയുമെത്താം കളത്തൂക്കടവ്-മൂന്നിലവ്-തലനാട് വഴിയുമെത്താം. ബസ് മാര്‍ഗം – ഈരാറ്റുപേട്ടയില്‍ നിന്നും അയ്യമ്പാറയ്ക്ക് കെഎസ്ആര്‍ടിസി ബസുണ്ട്

ദിവ്യ ദിലീപ്

മോഡലും ആല്‍ബം സംവിധായികയുമാണ് ദിവ്യ ദിലീപ്. കാ‍ന്താരി പ്രൊഡക്ഷന്‍സ് ഉടമ. യാത്രയാണ് ഹോബി