Kerala

ആലപ്പുഴയ്ക്ക് കരുത്തേകാന്‍ ബോട്ട് റാലിയുമായി ഡി റ്റി പി സി

പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന്
നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു.


ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും  തുടര്‍ന്ന്  ആലപ്പുഴ പ്രളയത്തെ  അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം  10.30ന് ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ബോട്ട് റാലി ആരംഭിക്കും.

200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങളും കൂടിയാണ് റാലി നടത്തുന്നത്. റാലി നടക്കുന്ന  മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാം.

ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ആസ്വദിക്കുന്നതിനായി ഓസ്‌ട്രേലിയയില്‍ നിന്നൊരു സംഘമാണ് ആദ്യം ആലപ്പുഴയില്‍എത്തിയത്. അവര്‍ക്കായി വന്‍ വരവേല്‍പ്പായിരുന്നു ആലപ്പുഴയിലെ ടൂറിസം മേഖല ഒരുക്കിയിരുന്നത്.

ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖല പൂര്‍ണതോതില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്ന് ജില്ല ടൂറിസം പ്രൊമോഷന്‍  കൗൺസിൽ സെക്രട്ടറി എം മാലിന്‍ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം  ടൂറിസം ഡയറക്ടര്‍ പി ബാലകിരണും ബോട്ട് റാലിയില്‍ പങ്കെടുക്കും.