News

മാംഗോ മെഡോസില്‍ തീവണ്ടിയെത്തി

വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലെ കാഴ്ചകള്‍ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം. ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക പാര്‍ക്ക്, ട്രെയിനില്‍ ചുറ്റികാണാന്‍ വൈകേണ്ട. അത്യാപൂര്‍വ്വമായ സസ്യങ്ങങ്ങളും മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗും അടക്കം വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളുെട വലിയ ലോകമാണ് മാംഗോ മെഡോസ്.

പ്രകൃതിയോട് അടുക്കാനും ചേര്‍ന്നിരിക്കാനും ഇതിലും നല്ലയിടം വേറെകാണില്ല. ഒരു ദിവസത്തെ ടൂര്‍, റിസോര്‍ട്ട് ടൂര്‍, ആയുര്‍വേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. കൃഷിയും മരങ്ങളുമൊക്കെ ജീവന്റെ തുടിപ്പുകളാണെന്ന് വിശ്വസിക്കുന്ന എന്‍.കെ. കുര്യനാണ് മാംഗോ മെഡോസിന്റെ ജീവനാഡി.

കുര്യന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയുടെ സ്വര്‍ഗകവാടം തീര്‍ത്തിരിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 4800 സസ്യവര്‍ഗങ്ങള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 84 ഇനം പച്ചക്കറി വിളകള്‍, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണ് കാര്‍ഷിക പാര്‍ക്കില്‍ കുര്യന്‍ തീര്‍ത്തിരിക്കുന്നത്.

കൂടാതെ പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളുമാണ് മാംഗോ മെഡോസിന്റെ പ്രധാന ആകര്‍ഷണം. ഈ പ്രകൃതിസ്‌നേഹിയുെട പതിനാലുവര്‍ഷത്തെ സ്വപ്നസാക്ഷാത്ക്കാരമാണീ സ്വര്‍ഗഭൂമി.

പാര്‍ക്കിനുള്ളിലെ ഈ അദ്ഭുതകാഴ്ചകളൊക്കെയും ഇനി ട്രെയിനിലിരുന്നു കാണാം. പുതുതലമുറക്ക് പ്രകൃതിയുടെ അറിവു പകര്‍ന്നു നല്‍കാന്‍ ഗൈഡും ഒപ്പമുണ്ടാകും. 32 പേര്‍ക്ക് ഇരിക്കാവുന്ന ബാറ്ററിയിലോടുന്ന ട്രെയിനാണ് മാംഗോ മെഡോസിലെത്തുന്നവരുടെ മനംകവരുന്നത്. മാംഗോ മെഡോസിലെ ട്രെയിന്‍ ഇക്കോ ഫ്രണ്ടലിയാണ്.

പ്രകൃതിക്ക് ഒരു കോട്ടവും വരരുതെന്ന് കുര്യന് നിര്‍ബന്ധമാണ്. ആറു കിലോമീറ്റര്‍ ചുറ്റളവിലെ പാര്‍ക്കിലെ മുഴുവന്‍ കാഴ്ചകളും ട്രെയിനിലിരുന്നു കാണാനായി ഒരാള്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ പാര്‍ക്കിനുള്ളിലെ കോട്ടേജുകളിലേക്കുള്ള യാത്രയും ഇനി ട്രെയിനിലാവാം. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള രസകരമായ ഈ ട്രെയിന്‍ യാത്ര ആരെയും ആകര്‍ഷിക്കും.

റോഡിലൂടെ ഓടുന്ന ഈ ട്രെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ട്രെയിന്‍ ഓടിക്കുന്നയാള്‍ക്ക് ഗുജറാത്തില്‍ നിന്നും പ്രത്യേക ട്രെയ്‌നിങും നല്‍കിയിട്ടുണ്ട്. പച്ചവിരിച്ച പ്രകൃതിയുടെ മാറിലൂടെ സ്വഛമായൊരു യാത്ര ആരെയും വിസ്മയിപ്പിക്കും. താമസിക്കേണ്ട നേരെ വിട്ടോളൂ ആയാംകുടി അദ്ഭുതലോകത്തിലേക്ക്.

എങ്ങനെ എത്താം : കോട്ടയം ജില്ലയില്‍ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് മാംംഗോ മെഡോസ്. കേരളത്തിന്റെ തെക്കു ഭാഗത്തു നിന്നുള്ളവര്‍ക്ക് മെഡിക്കല്‍ കോളജ്, നീണ്ടൂര്‍, കടുത്തുരുത്തി വഴി ആയാംകുടിയിലെത്താം.

എറണാകുളത്തു നിന്നു വരുന്നവര്‍ കടുത്തുരുത്തിയില്‍ നിന്ന് നേരേ ആയാംകുടി. പാര്‍ക്കിലെത്തുന്നവര്‍ മരങ്ങളെ പരിചയപ്പെടുത്തുന്ന ഗൈഡ് ടൂറില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം.