News

ടൂറിസമടക്കം 13 മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: ‘ഐഡിയ ഡേ’യ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ടൂറിസം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം ഉള്‍പ്പെടെയുള്ള 13 സുപ്രധാനമേഖലകളിലെ സമഗ്രവികസനത്തിനുതകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ അടുത്ത ‘ഐഡിയ ഡേ’യില്‍ അവസരമൊരുക്കുന്നു.

ഈ മാസം 28 ന് തിരുവനന്തപുരത്തു നടക്കുന്ന പതിനൊന്നാമത് ‘ഐഡിയ ഡേ’ക്കായി 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അഗ്രിടെക്, ബയോടെക്, എന്‍റര്‍പ്രെെസ് റിസോഴ്സ് പ്ലാനിംഗ്, ഫിന്‍ടെക്, ഗെയിമിംഗ്, പ്ലാറ്റ്ഫോം ആന്‍ഡ് അഗ്രിഗേറ്റര്‍, റീട്ടെയ്ല്‍, റോബോട്ടിക്സ്, സോഫ്റ്റ്വെയര്‍ സേവനം എന്നീ മേഖലകളിലൂന്നിയ ആശയങ്ങളും യുവസംരംഭകര്‍ക്ക് അവതരിപ്പിക്കാം.

ഭാവി സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള സംസ്ഥാനത്തെ സുപ്രധാന മേഖലകളിലെ സമഗ്രവളര്‍ച്ചയ്ക്ക് വഴിതെളിക്കുന്ന ആശയങ്ങള്‍ സമാഹരിച്ച് അവ യാഥാര്‍ത്ഥ്യമാക്കാനായി സംസ്ഥാന സര്‍ക്കാരാണ് ‘ഐഡിയ ഡേ’ എന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. ഉല്പന്നഘട്ടം അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടുലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും.

മികച്ച ആശയങ്ങള്‍കൊണ്ടും യുവസംരംഭകരുടെ പങ്കാളിത്തംകൊണ്ടും ‘ഐഡിയ ഡേ’യുടെ പത്തുപതിപ്പുകളും ശ്രദ്ധനേടിയിരുന്നു. ‘ഐഡിയ ഡേ’യുടെ വിശദവിവരങ്ങള്‍ https://startupmission.kerala.gov.in/pages/ideaday. എന്ന വെബ്സൈറ്റില്‍ ലഭിക്കും.