Auto

ഡെയിംലര്‍ കമ്പനി ഏറ്റവും നീളം കൂടിയ ബസ്സ് അവതരിപ്പിച്ചു

മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനി ആഡംബര ബസ് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ വാഹനം അവതരിപ്പിച്ചു. ബെൻസിന്റെ വിജയ മോഡലായ 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പതിനഞ്ചു മീറ്റർ നീളമുള്ള ബസിൽ അധിക ശേഷിയുള്ള എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻ മോഡലിനെക്കാൾ മികച്ച ഇന്ധനക്ഷമതയും സുരക്ഷാ ക്രമീകരണങ്ങളും, സ്ഥല സൗകര്യവും  ഒരുക്കിയിട്ടുണ്ടെന്ന് ഡെയിമ്‌ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തോമസ് ഫ്രിക്കി പറഞ്ഞു. കൂടുതൽ യാത്രാ സുഖവും പുതിയ മോഡൽ നൽകുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.

അൻപത്തിയൊന്നു സീറ്റുകളുള്ള ബസിൽ ഓട്ടമാറ്റിക് ഗിയർ ബോക്സാണുള്ളത്. ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ ലഗേജ് സ്ഥല സൗകര്യവും ബെൻസ് 2441 ന് ആണെന്നു കമ്പനി അവകാശപ്പെടുന്നു.

നോട്ട്നിരോധനത്തെ തുടർന്നു വാഹന വിപണിയിൽ ഇടിവുണ്ടായെങ്കിലും 2016–2017 സാമ്പത്തിക വർഷത്തിൽ നാലു ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി കമ്പനി അധികൃതർ പറഞ്ഞു.

സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് ബസുകളും ഭാരത് ബെൻസ് എന്ന പേരിൽ ട്രക്കുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലൊട്ടാകെ 34 ഡീലർമാരുണ്ടെന്നും അടുത്ത വർഷത്തോടെ കൂടുതൽ ഡീലർഷിപ്പുകൾ അനുവദിക്കുമെന്നും  അറിയിച്ചു.

ചെന്നൈ ഒറഗഡത്തു പ്രവർത്തിക്കുന്ന പ്ലാന്റിൽ നിർമിക്കുന്ന ബസുകൾ ആഫ്രിക്ക, ലാറ്റിനമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കു കയറ്റി അയക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും പ്രതിവർഷം അറുപതിനായിരം ബസുകൾ നിർമിക്കുകയാണു ലക്ഷ്യം.