Middle East

ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസുകള്‍ പ്രഖ്യാപിച്ചു

സൗദി ആഭ്യന്തര തീര്‍ഥാടര്‍ക്കു ഹജ്ജ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഈടാക്കാന്‍ അനുമതിയുളള നിരക്കുകള്‍ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗകര്യങ്ങളും കാറ്റഗറിയും പരിഗണിച്ച് വ്യത്യസ്ഥ നിരക്കുകളാണ് മന്ത്രാലയം അംഗീകരിച്ചത്.

സൗദിയില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി സര്‍വീസ് ചാര്‍ജ് 11,905 റിയാലാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലായും ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചു. മിനയിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില സമുച്ചയങ്ങളില്‍ താമസ സൗകര്യം ആവശ്യമുളളവര്‍ ഉയര്‍ന്ന നിരക്ക് അടക്കണം.

ജനറല്‍ കാറ്റഗറിയില്‍ 7561 റിയാല്‍ മുതല്‍ 8166 റിയാല്‍ വരെ ഏഴ് നിരക്കുകളാണ് ഉളളത്. രണ്ടാം കാറ്റഗറിയിലെ ഏറ്റവും കുറഞ്ഞ നിരക്ക് 7,410 റിയാലാണ്. മൂന്നാം കാറ്റഗറിയില്‍ 6,608 റിയാല്‍ മുതല്‍ ആറു തരം നിരക്കുകളാണ് അംഗീകരിച്ചിട്ടുളളത്.

ജൂണ്‍ ഒന്നുമുതല്‍ ഇ ട്രാക്കിലൂടെ ആവശ്യമുളള കാറ്റഗറി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 10,000 സീറ്റുകളാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.