Aviation

പ്രത്യേക വിഭവങ്ങളൊരുക്കി ജെറ്റ് എയര്‍വെയ്സില്‍ വിഷു ആഘോഷം

വിമാനത്തിലും വിഷു ആഘോഷം. വിഷു ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ജെറ്റ് എയർവെയ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ നൽകി. ജെറ്റ് എയർവെയ്സിന്‍റെ ഷെഫുകൾ തയ്യാറാക്കിയ പ്രത്യേക മെനുവാണ് നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്തത്.

പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം  എന്നീ വേളകളില്‍ പ്രത്യേക വിഭവങ്ങളാണ് നൽകിയത്. പ്രാതലിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്പ്സ് എന്നീ വിഭവങ്ങളാണ് നൽകിയത്. ഉച്ചക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഊണിനൊപ്പം നൽകിയത്. കൂടാതെ മൂന്ന് നേരവും പ്രത്യേക പായസവും യാത്രക്കാർക്ക് നൽകി.

ഇക്കണോമി ക്ലാസ് യാത്രക്കാർക്കും പ്രത്യേകമായി തയ്യാറാക്കിയ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജെറ്റ് എയര്‍വെയ്സിന്‍റെ എല്ലാ വിമാനങ്ങളിൽ വിഷുദിനമായ ഇന്നും ഈ മെനു തന്നെയായിരിക്കും യാത്രക്കാർക്കായി ഒരുക്കുക. കേരളത്തിൽ നിന്നും അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്കൊപ്പം വിഷു ആഘോഷിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും ഉത്സവ വേളകളിൽ പ്രത്യേക വിഭവങ്ങൾ നൽകുന്നതിലൂടെ ഇന്ത്യൻ സംസ്കാരത്തെ ഉയർത്തുകയും ആദരിക്കുകയുമാണ് ചെയ്യുന്നതെന്നും ജെറ്റ് എയർവെയ്സ് പ്രൊഡക്റ്റ് ആന്‍റ് സർവീസസ് എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്‍റ്  ജയരാജ് ഷൺമുഖം പറഞ്ഞു.