Aviation

അബുദാബിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം

തിരുവനന്തപുരത്തേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനായി അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കാത്തിരുന്നത് ഒരു ദിവസം മുഴുവന്‍. ഐ എക്‌സ് 538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍.കാത്തിരിപ്പിനൊടുവില്‍ വിമാനം പറന്നത് 30ന് രാത്രി 9.10ന്.
രണ്ടു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ അടക്കം 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് വൈകിയത്.യാത്രക്കാര്‍ക്ക് ആവള്യമായ ഭക്ഷണം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല.
ബര്‍ഗറും ഏതെങ്കിലും ഒരു പാനീയവും ഒരുനേരം നല്‍കാന്‍ മാത്രമേ അനുവാദമുള്ളൂ എന്നാണ് അറിയിച്ചത്. വിശന്നുവാടിയ കുഞ്ഞുങ്ങളുമായിരിക്കുന്ന അമ്മമാര്‍ ദയനീയമായ കാഴ്ചയായി. ഒടുവില്‍ അബുദാബി വിമാനത്താവളവകുപ്പ് മേധാവികള്‍ എത്തിയാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. വെറും തറയില്‍ ക്ഷീണിച്ചുറങ്ങുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതപ്പുകള്‍ നല്‍കാന്‍ പോലും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തയ്യാറായില്ല.

9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്ന് കമ്പനി ആദ്യം യാത്രക്കാര്‍ക്ക് വിവരം നല്‍കിയിരുന്നു. ഇത് കണക്കാക്കിയെത്തിയ യാത്രക്കാരാണ് പിന്നീട് ഒരറിയിപ്പുമില്ലാതെ വിമാനം വൈകിയതുകൊണ്ട് ബുദ്ധിമുട്ടിലായത്.

യാത്രക്കാരെ വിമാനത്തിനുള്ളില്‍ കയറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരവരെ വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു. സാങ്കേതിക തകരാറാണ് കാരണമായി ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് അധികൃകരില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ആയിട്ടും യാത്ര ആരംഭിക്കാത്തതിനാല്‍ യാത്രക്കാര്‍ പരാതിയുമായി ചെന്നെങ്കിലും അധികാരികളില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. യാത്രക്കാരെ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റാന്‍ കമ്പനി തയ്യാറായെങ്കിലും വിസകഴിഞ്ഞ് മടങ്ങുന്നവരും വിസിറ്റ് വിസയില്‍ വന്നവരുമായി നാല്പതോളം യാത്രക്കാര്‍ വേറെയുമുണ്ടായിരുന്നു. ഇവര്‍ക്ക് പുറത്ത് ഹോട്ടലിലേക്ക് പോകാന്‍ അനുവാദം ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിലെ ലോബിയില്‍ത്തന്നെ കഴിയാനാണ് കിട്ടിയ നിര്‍ദേശം.

ഒടുവില്‍ ശനിയാഴ്ച 9.10ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഈ 156 ആളുകളെയും കയറ്റിവിട്ടതിനുശേഷംമാത്രമേ ശനിയാഴ്ച ബുക്ക് ചെയ്തവര്‍ക്ക് യാത്രാനുമതി നല്‍കുകയുള്ളൂവെന്ന ഉറപ്പ് വിമാനത്താവളത്തിലെ പോലീസ് മേധാവിയില്‍നിന്ന് രാത്രി എട്ടരയ്ക്ക് ലഭിച്ചതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.