News

പ്ലേബോയ് മാഗസിന്‍ ഫെയിസ്ബുക്ക് വിട്ടു

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലൈഫ് സ്‌റ്റൈല്‍ വിനോദ മാസികയായ പ്ലേ ബോയ്. ചൊവ്വാഴ്ച പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നറുടെ മകനും മാസികയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നറാണ് ഈ വിവരം പ്രഖ്യാപിച്ചത്.

ഫെയ്‌സ്ബുക്കിന്‍റെ ഉള്ളടക്ക മാര്‍ഗ നിര്‍ദ്ദേശങ്ങളും കോര്‍പറേറ്റ് നയങ്ങളും പ്ലേ ബോയിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വിടണമെന്നാണ് 2.5 കോടിയോളം വരുന്ന പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. കൂപ്പര്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. അതേസമയം പ്ലേ ബോയ് നെതര്‍ലന്‍ഡ്‌സ് പോലുള്ള പ്ലേബോയിയുടെ മറ്റ് ഫെയ്‌സ്ബുക്ക് പേജുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ പേജുകളും പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെ നിരവധി സ്ഥാപങ്ങളും പ്രമുഖ വ്യക്തികളും ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.