Tech

പത്രങ്ങളിലൂടെ മാപ്പുപറഞ്ഞ് സക്കര്‍ബര്‍ഗ്

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പ്രധാന പത്രങ്ങളുടെ പിറകുവശത്തെ പേജിലാണ് സക്കര്‍ബര്‍ഗിന്‍റെ പരസ്യം നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് മാപ്പ്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നാണെങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല,’ എന്നാണ് പരസ്യത്തില്‍ പറയുന്നത്.

Pic Courtesy: AP

2014-ല്‍ കേംബ്രിജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് പരസ്യത്തില്‍ പറയുന്നു. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

സമാനരീതിയില്‍ വിവരശേഖരണം നടത്തുന്ന ആപ്പുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ സ്വകാര്യതാനിയമങ്ങള്‍ ലംഘിക്കുന്നവയെ മുഴുവന്‍ നിരോധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.