Tag: e wallet

ബിറ്റ്കോയിന്‍ വാങ്ങാന്‍ ബാങ്കുകള്‍ ഇനി പണം തരില്ല

ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ പണം കൈമാറരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണ-വായ്പ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് വാലറ്റുകളിലേയ്ക്ക് ഇടപാടിനായി ബാങ്കില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതായി. നേരത്തെതന്നെ സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടപാട് തടസ്സപ്പെടുന്നത് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്. ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായിമാറുമെന്നതുകൊണ്ടാണ് ആര്‍ബിഐ ഈ നിലപാട് സ്വീകരിച്ചത്.

സൗദിയില്‍ ഇനി പണമിടപാടും സ്മാര്‍ട്ട് ഫോണ്‍ വഴി

എ. ടി. എം കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന മൊബൈല്‍ ആപ് സൗകര്യം ഈ വര്‍ഷം നിലവില്‍ വരുമെന്നും പര്‍ച്ചേസ്, പോയിന്റ് ഓഫ് സെയില്‍സ് എന്നിവയ്ക്കും ആപ്പിലൂടെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബാങ്കിങ് അവയര്‍നസ് കമ്മിറ്റി സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന മദദ് കാര്‍ഡ് ഡിജിറ്റില്‍ വെര്‍ഷനായി വികസിപ്പിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത്. ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്യുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് പര്‍ചേസ് മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ ക്രയവിക്രയം കൂടുതല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. 20,000 റിയാല്‍ വരെയാണ് എ.ടി.എം. കാര്‍ഡ് വഴി പണം നിക്ഷേപിക്കാനുളള പരിധി. എന്നാല്‍ ആറുമാസത്തിനകം ഇത് രണ്ടുലക്ഷം റിയാലായി ഉയര്‍ത്തും. ഘട്ടംഘട്ടമായി ഇതിന്റെ പരിധി എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു.