Tag: boat tourism

നൂറു രൂപയ്ക്ക് ആലപ്പുഴ-കുട്ടനാട് ബോട്ട് യാത്ര

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി കുറഞ്ഞ നിരക്കിൽ ജലഗതാഗത വകുപ്പിന്‍റെ സീ കുട്ടനാട് ബോട്ട് സർവീസ് ഒരുങ്ങുന്നു. കേരളത്തിന്‍റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിന്‍റെ പ്രകൃതിഭംഗിയും വേമ്പനാട് കായലും വെറും നൂറ് രൂപയ്ക്ക് കണ്ടാസ്വദിച്ചു മടങ്ങാം. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ദിവസേന മൂന്ന് സര്‍വീസുകളാണ് സീ കുട്ടനാടിനുള്ളത്. മൂന്നു മണിക്കൂർ നീളുന്ന ആലപ്പുഴ – കുട്ടനാട് ബോട്ട് സർവീസ് പുലർച്ചെ 5:45, 8:20,10:45, 1:35, 4:45 എന്നീ സമയങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. അഴീക്കൽ തോട് വഴി ആരംഭിച്ച് പുന്നമട, വേമ്പനാട്ടു എന്നിവിടങ്ങളിലൂടെ കൈനഗിരി റോഡ് മുക്കിലെത്തി മടങ്ങുന്ന വിധമാണ് യാത്ര. യാത്രക്കാർക്ക് സുരക്ഷയൊരുക്കി ലൈഫ് ജാക്കറ്റും ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചിയുടെ ഓളങ്ങളിലേയ്ക്ക് ഗോവയില്‍നിന്നൊരു അതിഥി; ക്ലിയോപാട്ര

കൊച്ചിയുടെ ഓളങ്ങളില്‍ ഇനി ക്ലിയോപാട്ര ഓടും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ഓളപ്പരപ്പിലേക്കിറങ്ങുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. കെഎസ്ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്. ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്നാണ് ക്ലിയോപാട്ര കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ബോട്ടില്‍ എസി സൗകര്യവും രണ്ട് ശൗചാലയങ്ങളും പ്രത്യേക വിഐപി  ക്യാബിനുമുണ്ട്. രജിസ്ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ക്ലിയോപാട്ര കൊച്ചിയുടെ കായല്‍പ്പരപ്പിലിറങ്ങും. ബയോ ശൗചാലയങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷമായിരിക്കും ലൈസന്‍സ് ലഭിക്കുക. അവസാനഘട്ട പരിശോധന കഴിഞ്ഞ് ഈ മാസം അവസാനത്തോടെ ക്ലിയോപാട്ര കൊച്ചിക്കാര്‍ക്ക്‌ സ്വന്തമാകും.